ഷുക്കൂര്‍ വധക്കേസില്‍ സിബിഐ  കുറ്റപത്രം: പി.ജയരാജനെതിരെ കൊലക്കുറ്റം, ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം: പി.ജയരാജനെതിരെ കൊലക്കുറ്റം, ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

February 11, 2019 0 By Editor

കണ്ണൂര്‍: എംഎസ്‌എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരേയാണ് കുറ്റപത്രം. ജയരാജന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന സിബിഐ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തലശേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ മല്‍സരിച്ചേക്കുമെന്ന സൂചനകള്‍ വന്നിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ ജയരാജന് മല്‍സരിക്കാനുള്ള സാധ്യത ഇല്ലാതാകുകയാണ്.

302, 120 ബി വകുപ്പുകള്‍ ചുമത്തിയാണ് ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.നേരത്തെ ജയരാജനെതിരെ 118 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ആരോപിച്ചിരുന്നത്. ഷുക്കൂറിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടിയതറിഞ്ഞിട്ടും കൊലപാതകം തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ഇത്. എന്നാല്‍ തുടരന്വേഷണത്തിനൊടുവിലാണ് കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഒട്ടേറെ പേരില്‍ നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു. രാജേഷിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2012 ഫെബ്രുവരിയിലാണ് കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധം.