ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ്. അച്യുതാനന്ദന്‍

January 17, 2019 0 By Editor

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ്. അച്യുതാനന്ദന്‍. പഠനറിപ്പോര്‍ട്ടുകളും നിഗമനങ്ങളും പുറത്ത് വരുന്നവരെയെങ്കിലും ഖനനം നിറുത്തിവെയ്ക്കമെന്ന് വിഎസ് ആവശ്യപ്പെട്ടു.
ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം….

തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം. ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്.

ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്.ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട്.