കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു; കൂട്ടാളി ലോകേഷ് മദനിനായി വലവിരിച്ച് പോലീസ്

March 7, 2019 0 By Editor

വയനാട്: വയനാട് ലക്കിടിയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അംഗത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൊല്ലപ്പെട്ടത് മലയാളിയായ സി.പി ജലീലെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലോകേഷ് മദനെ കണ്ടെത്താനുള്ള പരിശോധനകള്‍ പൊലീസ് കര്‍ശനമാക്കി.

കഴിഞ്ഞ ദിവസം രാത്രി ലക്കടിയിലെ സ്വകാര്യ റിസോട്ടിലാണ് മവോയിസ്റ്റ് സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘം ലക്കിടിയിലെ റിസോട്ടിലെത്തി ഭക്ഷണവും പണവും ആവശ്യപ്പെടുകയായിരുന്നു.
മവോയിസ്റ്റ് സംഘം റിസോട്ടിലെത്തിയ വിവരം ജീവനക്കാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസും, തണ്ടര്‍ബോള്‍ട്ടും പരിശോധനകള്‍ക്കായി റിസോട്ടിലെത്തിയത്.
പോലീസിനു നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. വനത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലോകേഷ് മദനെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാദ്യായ തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.