തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പിണറായിക്കെതിരെ വിമര്‍ശനവുമായി ജോയ് മാത്യു

June 5, 2018 0 By Editor

തിരുവനന്തപുരം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നവരെ അകത്തിടുമെന്നല്ലേ സതീശന്റെ അറസ്റ്റിലൂടെ താങ്കള്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്നാണ് മുഖ്യമന്ത്രിയോട് ജോയ് മാത്യൂവിന്റെ ചോദ്യം. ഇത്തരം നടപടികള്‍ക്കുള്ള വകുപ്പുകള്‍ കണ്ടെത്തുന്നതിലും ചാര്‍ത്തിക്കൊടുക്കുന്നതിലുമുള്ള വൈഭവത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിയമോപദേശകരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. സ്ത്രീ സുരക്ഷയെപ്പറ്റി വാതോരാതെ സംസാരിച്ചാല്‍പ്പോര, അവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അവസരം ഒരുക്കുകകൂടി ചെയ്യണം. അപ്പോള്‍ മാത്രമേ ഭരണകര്‍ത്താവ് ഇരിക്കുന്ന കസേരക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കൂവെന്നും ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
‘സതീശനെപ്പോലുള്ളവരെ പത്ത് പന്ത്രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നതിലൂടെ താങ്കളുടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം എന്താണെന്ന് ജോയ് മാത്യൂ ചോദിക്കുന്നു. മേലാല്‍ ആരും കുട്ടികളോടുള്ള ലൈംഗികാതിക്രമം ചൈല്‍ഡ് ലൈനില്‍ അറിയിക്കരുതെന്നോ? അഥവാ അറിയിച്ചാല്‍ത്തന്നെ സതീശന്റെ അവസ്ഥ നേരിടേണ്ടി വരുമെന്നാണോ- ജോയ് മാത്യൂ ചോദിക്കുന്നു.