ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി അധിക്ഷേപിച്ച എസ്.രാജേന്ദ്രന്റെ നടപടി തരം താണതും നിന്ദ്യവുമാണെന്ന് രമേശ് ചെന്നിത്തല

February 10, 2019 0 By Editor

തിരുവനന്തപുരം: മൂന്നാറില്‍ അനധികൃത നിര്‍മ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി അധിക്ഷേപിച്ച എസ്.രാജേന്ദ്രന്റെ നടപടി തരംതാണതും നിന്ദ്യവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ജനപ്രതിനിധിക്ക് യോജിച്ച പ്രവര്‍ത്തിയല്ല ഇത്. മൂന്നാറില്‍ കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതും ഓടിക്കുന്നതും തുടര്‍ക്കഥയായി മാറിയിരിക്കുന്നു.

കയ്യേറ്റം ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ മുട്ടുകാല്‍ തല്ലി ഒടിക്കുമെന്നാണ് ഒരു മന്ത്രി നേരത്തെ പറഞ്ഞത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് തെറിപ്പിക്കുകയും ചെയ്യുന്നു. മൂന്നാറില്‍ ഭൂമി കൊള്ളയും കയ്യേറ്റവും തടയാന്‍ ബാദ്ധ്യസ്ഥരായ ഭരണകക്ഷിക്കാര്‍ തന്നെ അതിന് നേതൃത്വം നല്‍കുകയും അതിനെ തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വിചിത്രമാണ്. ഭരണം ഉണ്ടെന്ന് കരുതി എന്തുമാകാമെന്ന് സി.പി.എം ധരിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.