ബലാക്കോട്ട് ആക്രമണത്തിന്റെ സമഗ്രമായ തെളിവ് കേന്ദ്രത്തിന് സമർപ്പിച്ച് വ്യോമസേന

ബലാക്കോട്ട് ആക്രമണത്തിന്റെ സമഗ്രമായ തെളിവ് കേന്ദ്രത്തിന് സമർപ്പിച്ച് വ്യോമസേന

March 7, 2019 0 By Editor

ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ സമഗ്രമായ തെളിവുകൾ കേന്ദ്രസർക്കാരിന് സമർപ്പിച്ച് വ്യോമസേന. വ്യോമാക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങളും റഡാർ ചിത്രങ്ങളുമാണ് സൈന്യം സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷപാർട്ടികൾ നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളെ സർക്കാർ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണവുമായി ഒരു വാർത്താ ഏജൻസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിനെ സാധൂകരിക്കുന്നതെന്ന തരത്തിൽ ചില ചിത്രങ്ങളും അവർ പുറത്ത് വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആധികാരികവും വിശ്വസനീയവുമായ തെളിവുകൾ സഹിതം സേന നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങൾക്ക് കാതലായ നാശനഷ്ടങ്ങൾ സംഭവിച്ചത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സേനയുടെ പക്കലുള്ളത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നതായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ നിലപാട്.സർക്കാരിന് സമർപ്പിക്കപ്പെട്ട തെളിവുകളിൽ എസ്-2000 ലേസർ നിയന്ത്രിത മിസൈലുകൾ കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതിന്റെയും കെട്ടിടങ്ങളുടെ ആന്തരഭാഗങ്ങൾക്ക് കടുത്ത നാശനഷ്ടങ്ങൾ വരുത്തുന്നതിന്റെയും ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.

സർക്കാരിന് ലഭ്യമായിരിക്കുന്ന രേഖകളിൽ പ്രദേശത്തിന്റെ വ്യക്തമായ ഉപഗ്രഹദൃശ്യങ്ങൾ അടങ്ങിയിട്ടുള്ളതായാണ് വിവരം. വ്യോമസേന അങ്ങേയറ്റം ആധികാരികമായാണ് ഈ ദൃശ്യങ്ങൾ കൈമാറിയിരിക്കുന്നത്.