മലയാളികളെ ഐഎസില്‍ ചേര്‍ത്ത കേസ്: യാസ്മിന്‍ മുഹമ്മദിന് 7 വര്‍ഷം തടവ്

March 24, 2018 0 By Editor

കൊച്ചി: കാസര്‍കോട് നിന്നും യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയി ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച കേസില്‍  മുഖ്യപ്രതി ബീഹാര്‍ സ്വദേശിനി യാസ്‌മിന്‍ മുഹമ്മദ് ഷഹീദിന് എറണാകുളം എന്‍.ഐ.എ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സംസ്ഥാനത്തെ ആദ്യ ഐഎസ് കേസിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. യാസ്മിനും കേസിലെ ഒന്നാം പ്രതിയുമായ അബ്ദുള്‍ റാഷിദിനുമെതിരെയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് എന്‍എഐ നിഗമനം. കേസില്‍ 50 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. അമ്പതോളം തെളിവുകളും ഹാജരാക്കി. താന്‍ നിരപരാധിയാണെന്നാണ് ഷഹീദ് കോടതിയെ അറിയിച്ചത്. രാജ്യത്തെ നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും യാസ്മിന്‍ മുഹമ്മദ് പറഞ്ഞു. താന്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഐ‌എസുമായി ബന്ധമില്ലെന്നും യാസ്മിന്‍ കോടതിയെ അറിയിച്ചു. 2016ല്‍ കാസര്‍കോട് നിന്നും 15 പേര്‍ ഐഎസില്‍ ചേരാന്‍ പോയെന്നാണ് കേസ്. ഇവരെ കാണാനില്ലെന്ന് കാണിച്ച് കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.