12.8 കോടി രൂപ സംഭാവന നല്‍കി സ്‌ക്കൂള്‍ കുട്ടികള്‍

12.8 കോടി രൂപ സംഭാവന നല്‍കി സ്‌ക്കൂള്‍ കുട്ടികള്‍

September 13, 2018 0 By Editor

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍ 12.8 കോടി രൂപ സംഭാവന നല്‍കി. കഴിഞ്ഞ രണ്ട് ദിവസമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ഇന്നലെ വൈകുന്നേരം ആറ് മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്.

കണക്ക് രേഖപ്പെടുത്തിയ 12,855 സ്‌കൂളുകളില്‍ 212 സ്‌കൂളുകള്‍ (സിബിഎസ്ഇ, ഐസിഎസ്ഇ) ഒഴികെ മുഴുവനും സംസ്ഥാന സിലബസില്‍ നിന്നുമുള്ള സ്‌കൂളുകളാണ്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്‌കൂള്‍ (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസ് സ്‌കൂളും, ജില്ല മലപ്പുറവുമാണ് (2.1 കോടി). പല സ്‌കൂളുകളും തുക അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

സംസ്ഥാനത്ത് ആദ്യമായാണ് അന്‍പത് ലക്ഷത്തോളം കുട്ടികളില്‍ നിന്നും ഒരേ സമയം റിലീഫ് ഫണ്ട് ശേഖരിക്കുന്നതും അവയുടെ തത്സമയ കണക്കെടുപ്പ് ഓണ്‍ലൈനായി നടത്തുന്നതും. ഈ മഹനീയ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ കുട്ടികളേയും, രക്ഷിതാക്കളെയും അധ്യാപകരെയും മുഖ്യമന്ത്രി  അഭിനന്ദിച്ചു.