14-16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേ, എന്ത് കാഴ്ച്ചപ്പാടിലാണ് ഈ നടപടി: ബലാത്സംഗത്തിന് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് കമല്‍ഹാസന്‍

14-16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേ, എന്ത് കാഴ്ച്ചപ്പാടിലാണ് ഈ നടപടി: ബലാത്സംഗത്തിന് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് കമല്‍ഹാസന്‍

April 23, 2018 0 By Editor

ചെന്നൈ: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിലെ പ്രായ പരിധിക്കെതിരെ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ഹാസന്‍. 16 വയസ് വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താലും വധശിക്ഷ ലഭിക്കുന്നതിനുള്ള നിയമം കൊണ്ടു വരണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഇന്നലെയായിരുന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചത്. ഇതിലെ പ്രായപരിധിക്കെതിരെയാണ് കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്ന് അദ്ദേഹം ചോദിച്ചു. 12 വയസുള്ളവരെ പോലെ തന്നെയാണ് ഈ പ്രായത്തിലുള്ള കുട്ടികളും. എനിക്കറിയില്ല എന്ത് കാഴ്ചപ്പാടിലാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോടും അനുകൂലികളോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടെയാണ് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്. ഈ വയസിലുള്ള ആണ്‍കുട്ടികളെയും ഉത്തരവാദിത്വത്തോടെ വളര്‍ത്തികൊണ്ടുവരാന്‍ കുടുംബങ്ങള്‍ ശ്രമിക്കണം. പെണ്‍കുട്ടികളെ ചാരിത്ര്യം, സത്യസന്ധത എന്നിവയുടെ മൂല്യം പഠിപ്പിക്കുന്നത് പോലെ ആണ്‍കുട്ടികളെ നിര്‍ബന്ധമായും ഉത്തരവാദിത്വം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ടപതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. പുതിയ നിയമപ്രകാരം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ഇരുപത് വര്‍ഷം തടവായിരിക്കും. അത് ജീവപര്യന്തവുമാകാം. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം.

12 മുതല്‍ 16 വയസു വരെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്ന പ്രതികള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം തടവായി വര്‍ധിപ്പിച്ചു. ഇത് ആയുഷ്‌കാല തടവായും മാറ്റാം. ഇന്ത്യന്‍ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്‌സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതാണ് ക്രിമിനല്‍ നിയമ (ഭേദഗതി ) ഓര്‍ഡിനന്‍സ് 2018.