2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് വരുന്ന തിരഞ്ഞെടുപ്പും: എംഎ ബേബി

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് വരുന്ന തിരഞ്ഞെടുപ്പും: എംഎ ബേബി

August 8, 2018 0 By Editor

തിരുവനന്തപുരം: കേരളത്തില്‍ 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന് സിപിഎം പിബി അംഗം എം.എ.ബേബി 24 കേരളയോടു പറഞ്ഞു. 18 ലോക്‌സഭാ സീറ്റുകള്‍ ഇടതുമുന്നണി കേരളത്തില്‍ തൂത്തുവാരിയ തിരഞ്ഞെടുപ്പ് ആയിരുന്നു 2004ലേത്. രണ്ടു സീറ്റുകള്‍ മാത്രമാണ് 2004 ല്‍ ഇടതുമുന്നണിയ്ക്ക് കൈവിട്ടു പോയത്. ഒരു സീറ്റ് മലപ്പുറത്ത് പൊന്നാനി മുസ്ലിം ലീഗ് നേടിയപ്പോള്‍ ഒരു സീറ്റ് മൂവാറ്റുപുഴയില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച പി.സി.തോമസാണ് നേടിയത്. ആ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായി മാറി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ ഫലം അതിനേക്കാള്‍ മെച്ചമായ രീതിയില്‍ ആവിഷ്‌ക്കരിക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത് എന്ന് എം.എ.ബേബി പറയുന്നു.

കേന്ദ്രത്തില്‍ ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി എന്ന കാര്യം ആദ്യം വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയല്ല സീതാറാം യെച്ചൂരിയാണ്.സൗത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമാപന സമ്മേളനം കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്നപ്പോള്‍ അതിന്റെ സമാപന റാലിയില്‍ സീതാറാം യെച്ചൂരിയാണ് ഈ കാര്യം ആദ്യം വെളിപ്പെടുത്തുന്നത്. സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നുവെന്നു മനസിലാക്കിയാണ് യെച്ചൂരി കഴിഞ്ഞ വര്‍ഷം ഈ കാര്യം ചൂണ്ടിക്കാട്ടിയത്. സിപിഎം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ആവര്‍ത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് വേളയില്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന് സിപിഎം ആവശ്യപ്പെടില്ല. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ചില കുഴപ്പങ്ങളുണ്ട്. പക്ഷെ അത് പൂര്‍ണ്ണമായും തെറ്റാണെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ പൂര്‍ണമായും തള്ളിക്കളയാന്‍ സിപിഎം തയ്യാറല്ല. സിപിഎം ആവശ്യപ്പെടുന്നത് ഒരു പേപ്പര്‍ ട്രെ കൂടിയുണ്ടാകണം എന്നാണ്. ആ പേപ്പര്‍ ട്രേ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഉണ്ടായാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. വോട്ടു ചെയ്ത് കഴിഞ്ഞ് വരുന്ന സ്ലിപ്പില്‍ വോട്ട് ആര്‍ക്ക് ചെയ്ത് എന്ന് രേഖപ്പെടുത്തിയിരിക്കും.ഇങ്ങിനെ ഒരു സംവിധാനം വന്നാല്‍ പിന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ അപ്പാടെ തള്ളിക്കളയേണ്ട പ്രശ്‌നം വരുന്നില്ല. സിപിഎം തീരുമാനവും ആവശ്യവും തിരഞ്ഞെടുപ്പ് കമ്മിഷനെ സിപിഎം നേരിട്ട് അറിയിക്കും. സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണം വേണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ കേരളത്തിലെ കാര്യം എടുത്താല്‍ ഇടതുമുന്നണി പരാജയപ്പെടുത്താന്‍ പോകുന്നത് യുഡിഎഫിനേയും ബിജെപിയേയുമാണ്. കേരളത്തില്‍ അതിനനുസരിച്ചുള്ള തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കുകയാണ് വേണ്ടത്. ഇതുപോലെ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിലേയും അവസ്ഥ. ഇപ്പോള്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സിപിഎം നീങ്ങുന്നത്. രണ്ടു സീറ്റ് ഒഴികെ കേരളത്തിലെ മുഴുവന്‍ ലോക്‌സഭാ സീറ്റിലും ജയിച്ച 2004 ലെ പാരമ്ബര്യം ആവര്‍ത്തിക്കാനാണ് ഇക്കുറിയും സിപിഎം ശ്രമിക്കുന്നത് എന്ന് എം.എ.ബേബി പറയുന്നു.