ആവാസ് യോജന പദ്ധതി: കൊണ്ടോട്ടിയിലെ വീട്ടമ്മമാര്‍ നരേന്ദ്രമോദിയുമായി സംവദിച്ചു

June 5, 2018 0 By Editor

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊണ്ടോട്ടി നഗരസഭയിലെ 15 വീട്ടമ്മമാര്‍ ഇന്ന് പ്രധാനമന്ത്രിയുമായി സംവദിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദം നടന്നത്. മലപ്പുറം സിവില്‍ സ്റ്റേഷനിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലാണ് വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമൊരുക്കിയത്.

ജില്ലയിലെ പദ്ധതി പ്രവര്‍ത്തനത്തിലെ മികവ് പരിഗണിച്ചാണ് കൊണ്ടോട്ടി നഗരസഭയില്‍ നിന്നുള്ള ഈ വീട്ടമ്മമാരെ ഇതിനായി തെരഞ്ഞെടുത്തത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത് മൂന്ന് വര്‍ഷം മുമ്പാണ്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് രൂപീകൃതമായ നഗരസഭ ഇതിനോടകം 65 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് സ്വന്തമാക്കി ജില്ലയില്‍ ഒന്നാമതെത്തുകയായിരുന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നായി ഇവരില്‍ നിന്ന് 15 പേരെയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് തെരഞ്ഞെടുത്തത്. പദ്ധതിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന അവലോകനത്തോടൊപ്പമാണ് ഗുണഭോക്താക്കളുടെ സംവാദവുമൊരുക്കിയിരിക്കുന്നത്. കൊണ്ടോട്ടിയിലെ 15 പേര്‍ക്കൊപ്പം മലപ്പുറം, വേങ്ങര, മങ്കട, പെരിന്തല്‍മണ്ണ ബ്ലോക്കുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 15 പേരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിരുന്നു.