അഭിമന്യു വധം: ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

September 20, 2018 0 By Editor

അഭിമന്യു വധക്കേസില്‍ പ്രധാനപ്രതികളിലൊരാള്‍ കൂടി പിടിയില്‍. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാപ്രസിഡന്റ് ആരിഫ് ബിന്‍ സലിമാണ് അറസ്റ്റിലായത്. മഹാരാജാസ് കോളജില്‍ പോസ്റ്ററെഴുതാന്‍ ആളുകളെ സംഘടിപ്പിച്ചതും പിന്നീട് അക്രമികളെ എത്തിച്ചതും ആരിഫാണെന്നാണ് പൊലീസ് അറിയിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ ആരിഫിന്റെ സഹോദരന്‍ അഭിമന്യുവധക്കേസില്‍ മുമ്പ് പിടിയിലായിരുന്നു. സലീമുള്‍പ്പടെ കേസിലെ മറ്റ് എട്ടു പ്രതികള്‍ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

സലിമിനെ അറസ്റ്റു ചെയ്തതോടെ കേസില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളില്‍ ഒന്‍പതു പേര്‍ കസ്റ്റഡിയിലായി. നേരിട്ട് പങ്കെടുത്തവര്‍ കൂടാതെ മുഖ്യപ്രതികളെ ഒളിവില്‍ താമസിപ്പിച്ചവര്‍ ഉള്‍പ്പെടെ കേസില്‍ 28 പ്രതികളാണുള്ളത്. 125 സാക്ഷികളുടെ മൊഴി പരിശോധിച്ച് പൊലീസ് തയ്യാറാക്കിയ കുറ്റപത്രം ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

മറ്റു പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. നിലവില്‍ റിമാന്‍ഡിലായ പ്രതികള്‍ക്ക് 90 ദിവസം പൂര്‍ത്തിയായാല്‍ നിയമപ്രകാരം ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണിത്. അസി.കമ്മിഷണര്‍ എസ്.ടി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.