അഭിമന്യു കൊലപാതകം: നിര്‍ണായകമായ തിരിച്ചറിയല്‍ പരേഡ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ്

അഭിമന്യു കൊലപാതകം: നിര്‍ണായകമായ തിരിച്ചറിയല്‍ പരേഡ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ്

July 27, 2018 0 By Editor

എറണാകുളം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന തിരിച്ചറിയല്‍ പരേഡ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

സംഘത്തിലെ അംഗമെന്ന് കരുതുന്ന പള്ളുരുത്തി ബത്തേരി സ്വദേശി സനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം പിടിയിലായ ക്യാംമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

പിടിയിലായ കണ്ണൂര്‍ സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയത് റിഫയാണ്. മുഖ്യപ്രതി മുഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്.

കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. മറ്റുപ്രതികളെ ക്യാമ്പസിലേക്ക് വിളിച്ച് വരുത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്.