എഡിജിപിയുടെ മകള്‍ എന്തിനാണ് അറസ്റ്റ് ഭയപ്പെടുന്നത്: ഹൈക്കോടതി

July 5, 2018 0 By Editor

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. എഡിജിപിയുടെ മകള്‍ എന്തിന് അറസ്റ്റ് ഭയപ്പെടണമെന്നും കോടതി ചോദിച്ചു. കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി നിരീക്ഷിച്ചു.

അറസ്റ്റ് തടയണമെന്ന് സ്‌നിഗ്ധയുടെ ആവശ്യത്തെയും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദിച്ചത് വാഹനത്തില്‍നിന്ന് ഇറങ്ങിവന്നാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എഡിജിപിയുടെ മകളെ ഡ്രൈവര്‍ മര്‍ദിച്ചുവെന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്നും സര്‍ക്കാര്‍ അഭിഭാഷന്‍ കോടതിയില്‍ ചോദിച്ചു. ജൂലൈ 12ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

കേസില്‍ സ്‌നിഗ്ധയെക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് ബുധനാഴ്ച ക്രൈംബ്രാഞ്ച് ഹൈക്കോടതി അറിയിച്ചിരുന്നു. ഗവാസ്‌കറുടെ ഹര്‍ജിയിലാണ് ക്രൈബ്രാഞ്ച് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഗവാസ്‌കര്‌ക്കെതിരെ സ്‌നിഗ്ധ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്‌നിഗ്ധയുടെ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് വിലക്കിയിരുന്നു.