അല്ലു അര്‍ജുന്റെ പേരില്‍ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

August 31, 2018 0 By Editor

പെരിന്തല്‍മണ്ണ: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കാസര്‍കോട് മൂളിയാര്‍ സുല്‍ത്താന്‍ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(24)നെ ആണ് മൈസൂരുവില്‍നിന്ന് ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. അല്ലു അര്‍ജുന്റെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് കോഴിക്കോട് മുക്കം സ്വദേശികളായ യുവാക്കളില്‍നിന്ന് രണ്ടു ലക്ഷം രൂപ വാങ്ങിയതുള്‍പ്പെടെ ഒട്ടേറെപ്പേരെ പ്രതി പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വയനാട് ബത്തേരി, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം, മൂന്നാര്‍, കോലഞ്ചേരി, എറണാകുളം, മലപ്പുറം എന്നീ സ്ഥലങ്ങളില്‍നിന്നും പ്രതി പണം തട്ടി മുങ്ങിയിട്ടുണ്ട്. ഫെയ്‌സ്ബുക് വഴി ജോലി ആവശ്യമുള്ളയാളെന്ന വ്യാജേന പരിചയപ്പെട്ടാണ് പ്രതിയെ മൈസുരുവിലെത്തിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സമയം കേരളത്തിലെ ഒരു സീരിയല്‍ താരം പ്രതിക്കൊപ്പമുണ്ടായിരുന്നു.

ഇയാള്‍ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. ഷൂട്ടിങ് ലൊക്കേഷനുകളിലെത്തി പ്രമുഖ നടീനടന്മാരുമായി സെല്‍ഫിയെടുത്ത് ഇത് കാട്ടിക്കൊടുത്താണ് ഇരകളെ വിശ്വസിപ്പിക്കുന്നത്. ഡിവൈഎസ്പിക്കു പുറമെ എസ്‌ഐ ആന്റണി, എസ്‌ഐ സുബൈര്‍, സതീശന്‍, ശശികുമാര്‍, പ്രദീപ്, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ് കുമാര്‍, രാമകൃഷ്!ണന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.