‘അല്‍പന്‍’ പരാമര്‍ശം: ജസ്റ്റിസ് പിഎന്‍ രവീന്ദ്രനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

May 28, 2018 0 By Editor

കൊച്ചി: ജസ്റ്റിസ് പി.എന്‍.രവീന്ദ്രനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്റെ പ്രസംഗത്തിലെ ‘അല്‍പന്‍’ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹൈക്കോടതി ജഡ്ജി പദവി വഹിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാകരുതാത്ത പരാമര്‍ശമാണ് ജസ്റ്റിസ് പി എന്‍ രീവന്ദ്രനില്‍ നിന്ന് ഉണ്ടായത്. വിരമിച്ച ജസ്റ്റിസ് ബി കെമാല്‍ പാഷയ്‌ക്കെതിരായ പരാമര്‍ശം കോടതിയലക്ഷ്യമാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ പ്രതാപ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

അല്‍പന്മാരായ ചിലര്‍ ജഡ്ജിമാരായശേഷം വിരമിക്കുമ്പോള്‍ സ്ഥാപനത്തെയും ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണെന്നായിരുന്നു ജസ്റ്റിസ് രവീന്ദ്രന്റെ വിവാദ പരാമര്‍ശം. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കും ബാധകമാണെന്നത് ഉള്‍പ്പടെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ ജസ്റ്റിസ് കെമാല്‍പാഷ നടത്തിയിരുന്നു. ഇതിനുള്ള മറുപടി നല്‍കുകയായിരുന്നു ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്‍.