അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്നവരെ നാട്ടുകാര്‍ പിടികൂടി

April 26, 2018 0 By Editor

എടക്കര: ജനവാസകേന്ദ്രത്തില്‍ ജില്ലയിലെ ടണ്‍ കണക്കിനു അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ വന്ന കരാര്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി. ചുങ്കത്തറ വെള്ളിമുറ്റം എഴുവംപാടത്താണ് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി മാലിന്യങ്ങളുമായെത്തിയ പിക്കപ്പ് വാന്‍ തടഞ്ഞിട്ടത്.

പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഏക്കര്‍ കണക്കിനു ഭൂമി പോത്ത് ഫാം നടത്താനെന്ന പേരില്‍ പാട്ടത്തിനെടുത്താണ് മാലിന്യ നിക്ഷേപം. മൂന്നു മീറ്ററോളം ശുദ്ധജലം നിറഞ്ഞു നിന്ന കിണറില്‍ മാലിന്യം നിക്ഷേപിച്ച് ജെസിബി ഉപയോഗിച്ചു കുഴിച്ചു മൂടിയായിരുന്നു തുടക്കം. പിന്നീട് ആറു മീറ്റര്‍ താഴ്ചയില്‍ 10 ഓളം വന്‍ കുഴികള്‍ നിര്‍മിച്ചു.ഇവയിലോരോന്നും മാലിന്യ നിക്ഷേപ ശേഷം മൂടാനായിരുന്നു പരിപാടി. മാലിന്യവുമായെത്തിയ വാഹനത്തിലെ ഗിരീഷ്, സിനു, റാഷിദ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കരാര്‍ സംഘമാണ് മാലിന്യ നിക്ഷേപത്തിനു പിന്നിലെന്നു തെളിഞ്ഞത്.

ജില്ലാ അതിര്‍ത്തിയായ കാലിക്കട്ട് യൂണിവേഴ്‌സിറ്റി മുതല്‍, കൊണ്ടോട്ടി, മഞ്ചേരിയടക്കമുള്ള ഇറച്ചിവെട്ട് കേന്ദ്രങ്ങളിലെയും കോഴികടകളിലെയും വേസ്റ്റാണ് ഇരുട്ടിന്റെ മറപറ്റി പരിസ്ഥിതി ലോല പ്രദേശമായ കുറുന്പലങ്ങോട് വില്ലേജിലെത്തുന്നത്. പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച ഇറച്ചിമാലിന്യം അതേപടി കിണറില്‍ നിക്ഷേപിക്കുയാണ് പതിവെന്നും പ്രദേശവാസികള്‍ക്കു ഇതു ഭാവിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു കുര്യന്‍ അഭിപ്രായപ്പെട്ടു.

വനാതിര്‍ത്തി കൂടി പങ്കിടുന്ന പ്രദേശത്തേക്കിനി അസമയങ്ങളില്‍ ലോഡിംഗ് വാഹനങ്ങള്‍ കടത്തിവിടില്ല. ഇതിനിടെ വാഹനത്തിലുള്ള അഴുകിയ ഇറച്ചിമാലിന്യത്തിന്റെ രൂക്ഷഗന്ധം കൂടിനിന്നവരെയും കുഴക്കി. മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു മാലിന്യം. തുടര്‍ന്നു നാട്ടുകാരുമായുള്ള ചര്‍ച്ചക്കൊടുവില്‍ മാലിന്യം അവിടെ തന്നെ കഴിച്ചുമൂടി. ഇതിനായി കുറുന്പലങ്ങോട് ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന പത്തു കിലോ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചു. വിഷയം സംബന്ധിച്ച് പഞ്ചായത്തധികാരികള്‍ക്കു റിപ്പോര്‍ട്ട് നല്‍കി പ്രതികള്‍ക്കെതിരെ നിയമ നടപടിക്ക് ശിപാര്‍ശ ചെയ്തതായി വനം അധികാരികള്‍ അറിയിച്ചു.

കുറുന്പലങ്ങോട് പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനുകര്യന്‍,വനം ഡെപ്യൂട്ടി റേഞ്ചര്‍ കെ.അശോക് കുമാര്‍, എസ്എഫ്ഒ കെ.രമേശ് കുമാര്‍, ബിഎഫ്ഒമാരായ കെ.മനോജ് ഏബ്രഹാം, വൈ. മുത്തലി, ഇ.എസ് ബിനീഷ്, പി.എം അഷ്‌റഫലി, റഷീദ്, എന്നിവര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.