ആസ്റ്റര്‍ മിംസില്‍ റോബോട്ടിക് കിഡ്‌നി മാറ്റിവയ്ക്കല്‍ വിജയകരമായി നടത്തി

March 22, 2018 0 By Editor

 ഉത്തരകേരളത്തില്‍ ഇതാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തി. കണ്ണൂര്‍ സ്വദേശിയായ 50 കാരനാണ് ഏറ്റവും ആധുനികമായ ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗിച്ച് വിജയകരമായി കിഡ്‌നി മാറ്റിവച്ചത്.
കിഡ്‌നി മാറ്റിവയ്ക്കുന്നതിനായി സാധാരണഗതിയില്‍ വാരിയെല്ലിന് താഴെനിന്നും വയറിന് കുറുകെ നീളുന്ന ഏകദേശം 25 സെന്റിമീറ്റര്‍ നീളത്തിലുള്ള വലിയ മുറിവാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന വലിയ ശസ്ത്രക്രിയയാണത്. എന്നാല്‍ റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ വയറിലുണ്ടാക്കുന്ന വളരെ ചെറിയ സുഷിരങ്ങളിലൂടെ ശസ്ത്രക്രിയ സാദ്ധ്യമാകും. രോഗിക്ക് വളരെ ചെറിയ വേദനയേ ഉണ്ടാകൂ, രക്തനഷ്ടവും കുറവായിരിക്കും കൂടാതെ ചെറുതും അധികം ശ്രദ്ധിക്കപ്പെടാത്തതുമായ പാടുകളേ അവശേഷിക്കൂ. അധികദിവസം ആശുപത്രിയില്‍ കഴിയാതെതന്നെ പെട്ടെന്ന് സുഖമാകും എന്നതും റോബോട്ടിക് ശസ്ത്രക്രിയയുടെ മേന്മയാണ്.
യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രവികുമാര്‍ കരുണാകരന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. കിഷോര്‍ ടിഎ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അഭയ് ആനന്ദ്, ഡോ സൂര്‍ദാസ് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ പ്രീത ചന്ദ്രന്‍, ഡോ കെ കിഷോര്‍ നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ സജിത്ത് നാരായണന്‍, ഡോ ഫിറോസ് അസീസ്, ഡോ ഇസ്മയില്‍ എന്‍ എ, ഡോ ബെനില്‍ ഹഫീഖ് എന്നിവര്‍ ചേര്‍ന്നാണ് റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തിയാക്കിയത്.
ആസ്റ്റര്‍ മിംസ് വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് എപ്പോഴും പരിശ്രമിക്കുന്നതെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. സാന്റി സജന്‍ പറഞ്ഞു. രോഗികള്‍ക്ക് മികച്ച ചികിത്സ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വിജയകരമായി റോബോട്ടിക് കിഡ്‌നി മാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലൂടെ റോബോട്ടിക് ശസ്ത്രക്രിയാ കേന്ദ്രമായി വളരണമെന്ന ആസ്റ്റര്‍ മിംസിന്റെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുത്തിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഡോസ്‌കോപ്, കാമറകള്‍, ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ 3ഡി ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഉപകരണം എന്നിവയടങ്ങിയ വിഷന്‍ സിസ്റ്റം, റോബോട്ടിക് കരം അടങ്ങിയ പേഷ്യന്റ് സൈഡ് കാര്‍ട്ട്, സര്‍ജന് ശസ്ത്രക്രിയ നടത്തുന്ന ഭാഗങ്ങള്‍ കാണുന്നതിനും റോബോട്ടിക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള സര്‍ജന്‍ കണ്‍സോള്‍ എന്നിവയാണ് ഡാവിഞ്ചി സര്‍ജിക്കല്‍ സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍. കൈകളുടെ നീക്കവും പെഡലില്‍ കാല്‍ ഉപയോഗിച്ചുള്ള ചലനങ്ങളും വഴിയാണ് കാമറകള്‍ നിയന്ത്രിക്കുന്നതും ഫോക്കസ് ചെയ്യുന്നതും റോബോട്ടിക് കരങ്ങളെ ചലിപ്പിക്കുന്നതും.
ആസ്റ്റര്‍ മിംസില്‍ യൂറോളജി, ഗൈനക്കോളജി, ഓങ്കോ സര്‍ജറി, ഗ്യാസ്‌ട്രോ സര്‍ജറി, പീഡിയാട്രിക് സര്‍ജറി, കാര്‍ഡിയോതൊറാസിക് സര്‍ജറി എന്നീ വകുപ്പുകളില്‍ ഇപ്പോള്‍ റോബോട്ടിക് സര്‍ജറി ഉപയോഗപ്പെടുത്തുവാന്‍ സൗകര്യമുണ്ട്.