ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും

ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും

August 6, 2018 0 By Editor

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വൈകുന്നേരം നാലിനെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച നടക്കുക.

വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി പ്രതിനിധികള്‍ നേരത്തെ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.വിഷയത്തില്‍ അമ്മയ്‌ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് അവര്‍ ചര്‍ച്ചയ്ക്കായി ഡബ്ല്യൂസിസി പ്രതിനിധികളെ ക്ഷണിച്ചത്.

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരുന്നതിനായി അമ്മയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നടിമാരായ ഹണി റോസും രചനാ നാരായണന്‍കുട്ടിയും നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നീക്കം തുടങ്ങി. വിഷയത്തില്‍ അമ്മയിലെ ഒരു വിഭാഗം താരങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുയര്‍ന്നതും അമ്മയുടെ പിന്തുണ ആവശ്യമില്ലെന്ന് ആക്രമണത്തിനിരയായ നടി തന്നെ വ്യക്തമാക്കിയതുമാണ് ഹര്‍ജി പിന്‍വലിക്കാനുള്ള ആലോചനയ്ക്ക് കാരണം.