മുന്‍ സിപിഎം നേതാവ് വി.ആര്‍ ഭാസ്‌കരന്‍ അന്തരിച്ചു

മുന്‍ സിപിഎം നേതാവ് വി.ആര്‍ ഭാസ്‌കരന്‍ അന്തരിച്ചു

August 9, 2018 0 By Editor

കോട്ടയം: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.ആര്‍ ഭാസ്‌കരന്‍(94) അന്തരിച്ചു. രാവിലെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.

ദിര്‍ഘകാലം സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. സിപിഎമ്മിന്റെ ആദ്യകാല സംഘാടകനും നേതാവും മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. രണ്ടുപതിറ്റാണ്ടോളം സിഐടിയു ജില്ലാ സെക്രട്ടറി ആയും എല്‍ഡിഎഫിന്റെ കോട്ടയം ജില്ലാ കണ്‍വീനറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ദീര്‍ഘകാലം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്തു ജയിലടക്കപ്പെട്ട അദ്ദേഹം പരോളിന് ശ്രമിക്കാതെ അടിയന്തരാവസ്ഥ കഴിയുന്നതുവരെ ജയിലില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരുമാസം തികഞ്ഞപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി പാര്‍ട്ടി ഓഫിസിലായിരുന്നു അദ്ദേഹം.സഖാക്കള്‍ക്കൊപ്പം അദ്ദേഹത്തെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ജയിലില്‍ ക്രൂരമായ പീഡനങ്ങളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. കൂടെ അറസ്റ്റ് ചെയ്ത പലരും പരോളിന് പുറത്തിറങ്ങി. എന്നാല്‍ അദ്ദേഹം പരോളിന് ശ്രമിച്ചില്ല. അടിയന്തരാവസ്ഥ കഴിയുന്നതുവരെ ജയിലില്‍ കഴിഞ്ഞു. കോട്ടയം ജില്ലയിലെ അക്കാലത്തെ പ്രമുഖ നേതാക്കളായിരുന്ന അവറാച്ചന്‍, കെ.കെ ജോസഫ് എന്നിവരോടൊപ്പമാണ് അദ്ദേഹത്തെയും അറസ്റ്റ് ചെയ്തത്.

പാര്‍ട്ടി ഓഫിസായിരുന്നു അദ്ദേഹത്തിന്റെ വീട്. പ്രത്യയശാസ്ത്രവും സാമൂഹ്യ സേവനവും കൈവിടാതെ കാത്തുസൂക്ഷിച്ച കമ്മ്യൂണിസ്റ്റ്. കോട്ടയം ജില്ലയില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം മുന്‍ എംഎല്‍എയും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയുമായ വി.എന്‍ വാസവന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.