ഇന്ന് നടത്താനിരുന്ന ഭാരത് ബന്ദ് പിന്‍വലിച്ചു

August 9, 2018 0 By Editor

ന്യൂഡല്‍ഹി: ഇന്ന് നടത്താനിരുന്ന ഭാരത് ബന്ദ് പിന്‍വലിച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമം ദുര്‍ബലമാക്കിയ സുപ്രിം കോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ഇന്നത്തേക്ക് ആഹ്വാനം ചെയ്ത ഭാരത് ബന്ദാണ് പിന്‍വലിച്ചത്. സുപ്രിംകോടതി വിധി മറികടക്കുന്നതിനുള്ള ബില്‍ ലോക്‌സഭ നടപ്പു സമ്മേളനത്തില്‍ പാസാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ദ് പിന്‍വലിക്കുന്നതെന്ന് ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ബില്ല് പാസാക്കാന്‍ സഹകരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടന നന്ദി അറിയിച്ചു.

വിധി മറികടക്കാന്‍ ബില്‍ കൊണ്ടുവന്നതിനാല്‍ ബന്ദില്‍ നിന്ന് പിന്മാറണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം കേന്ദ്രത്തിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു വിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തിലുള്ള ജയില്‍ നിറക്കല്‍ സമരവും ഇന്ന് നടക്കും. ഏകദേശം 20 ലക്ഷത്തോളും കര്‍ഷകരും തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുമെന്നാണ് വ്യവരം. ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനിടെയുണ്ടായ ആക്രമണത്തിലും പൊലീസ് വെടിവെപ്പിലും 10 ല്‍ അധികം സമരക്കാര്‍ മരിച്ചിരുന്നു.