പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു: ജലനിരപ്പ് ഇനിയും ഉയരും

പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു: ജലനിരപ്പ് ഇനിയും ഉയരും

August 10, 2018 0 By Editor

കൊച്ചി: ഇടമലയാര്‍ അണക്കെട്ടും ഇടുക്കി അണക്കെട്ടും തുറന്നതോടെ പെരിയാര്‍ കരകവിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഇടുക്കി ചെറുത്തോണിയില്‍ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയോടെ ഇനിയും വെള്ളമുയരും. കനത്തമഴ തുടരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകാനുള്ള സാധ്യതയുണ്ട്. പെരിയാറിന്റെ കൈവഴികളെല്ലാം നിറഞ്ഞുകവിഞ്ഞു.ഏതു സാഹചര്യം നേരിടാനും സര്‍ക്കാര്‍ സര്‍വ്വസന്നാഹങ്ങളുമൊരുക്കിയിട്ടുണ്ട്. സൈന്യവും ദുരന്തനിവാരണസേനയും രംഗത്തുണ്ട്.ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ഇടമലയാര്‍ ഡാം തുറന്നത്. 5.30 മുതല്‍ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുതുടങ്ങി. ഏഴരയോടെ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി.മണപ്പുറം മുങ്ങിയതിനാല്‍ ശനിയാഴ്ച ബലിതര്‍പ്പണം നടത്താന്‍ ബുദ്ധിമുട്ടാകും. ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഒഴികെ മറ്റുഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. നെടുമ്ബാശേരി വിമാനത്താവളത്തില്‍ വെള്ളംകയറി വിമാന സര്‍വീസുകള്‍ തടസപ്പെട്ടു.

പെരുമ്ബാവൂര്‍, ഏലൂര്‍, ആലുവ, കാഞ്ഞൂര്‍, നെടുമ്ബാശേരി, പറവൂര്‍, വരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്ബുകളിലായി 525 കുടുംബങ്ങളിലെ 2301 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാറിന് സമീപ പ്രദേശങ്ങളില്‍ പലഭാഗത്തും റോഡ് ഗതാഗതം തടസപ്പെട്ടു.

ആലുവ, പറവൂര്‍ , കുന്നത്തുനാട് , കണയന്നൂര്‍ , താലൂക്കുകളിലാണ് ക്യാമ്ബുകള്‍ തുറന്നിട്ടുള്ളത്. അണക്കെട്ട് തുറന്ന വ്യാഴാഴ്ച രാവിലെ അഞ്ചിന് ആലുവ പാലസിലെത്തിയ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കി. ജലനിരപ്പുയരുന്നതിനാല്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി കലക്ടര്‍ അറിയിച്ചു. മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യും. ഓരോ ക്യാമ്ബിലും ഒരു മെഡിക്കല്‍ ഓഫീസറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

ക്യാമ്ബിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ചാര്‍ജ് ഓഫീസറെയും ചുമതലപ്പെടുത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്ബുകള്‍ തുറക്കും. ആലുവ താലൂക്കിലെ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ തുറന്ന ക്യാമ്ബിലാണ് ഏറ്റവുമധികം കുടുംബങ്ങള്‍ കഴിയുന്നത്. 166 കുടുംബങ്ങളിലെ 454 പേരാണ് ഇവിടെയുള്ളത്.

വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും നിയോഗിച്ചിരുന്നു. പെരിയാറില്‍ വെള്ളം ഉയര്‍ന്നു തുടങ്ങിയതോടെ ആലുവ പാലത്തില്‍നിന്ന് കാഴ്ചകാണാന്‍ ധാരാളം പേരെത്തി. ഇവരെ പൊലീസ് നിയന്ത്രിച്ചു. തുടര്‍ന്ന് ഇവിടെനിന്ന് കാഴ്ച കാണാതിരിക്കാന്‍ പാലത്തിന്റെ വശങ്ങള്‍ മറച്ചു. ജനങ്ങള്‍ പുഴയിലേക്ക് ഇറങ്ങുന്നത് കര്‍ശനമായി വിലക്കിയിരുന്നു. ഇറങ്ങാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് കയര്‍ കെട്ടി സംരക്ഷണമൊരുക്കി.

പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍തോട് കരകവിഞ്ഞത് നെടുമ്ബാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇവിടെനിന്നുള്ള വിമാന ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വെള്ളം പുറത്തേക്ക് പമ്ബു ചെയ്തു കളഞ്ഞ് വൈകുന്നേരത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വിമാനത്താവളത്തിനു സമീപമുള്ള നായത്തോട്-കാഞ്ഞൂര്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.