വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ പിടിയില്‍

August 13, 2018 0 By Editor

മാവേലിക്കര: വിദ്യാര്‍ത്ഥികള്‍ക്ക് വാഹനത്തില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി. ചെന്നിത്തല തൃപ്പെരുംതുറ പുത്തന്‍വീട്ടില്‍ സന്തോഷ് കുമാറി(41)നെയാണ് മാവേലിക്കര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പുതിയകാവില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന മാരുതി വാഗണ്‍ ആര്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും 210 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് രാത്രികാലങ്ങളില്‍ പുതിയകാവ്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കഞ്ചാവ് കൈമാറുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.

ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന മാന്നാര്‍ സ്വാദേശി കൊച്ചുമോന്‍ എന്നയാളെ കുറിച്ച് വിവരം ലഭിച്ചതായും ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുന്നതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം മാവേലിക്കര റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നും 1.5 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു.

റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങില്‍ നിരീക്ഷണം തുടരുകയാണെന്നും എക്‌സൈസ് സംഘം അറിയിച്ചു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ.റോയി, പ്രിവന്റീവ് ഓഫീസര്‍മാരായ റോയി ജേക്കബ്, അബ്ദുള്‍ ഷുക്കൂര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്‌കുമാര്‍, അബ്ദുര്‍ റഫീക്ക്, രാകേഷ് കൃഷ്ണന്‍, അരുണ്‍ ചന്ദ്രന്‍, നവീന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.