ചാലക്കുടിയില്‍ ഏഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടം ഇടിഞ്ഞു വീണു: ഏഴ് പേരെ കാണാനില്ല

ചാലക്കുടിയില്‍ ഏഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടം ഇടിഞ്ഞു വീണു: ഏഴ് പേരെ കാണാനില്ല

August 17, 2018 0 By Editor

ചാലക്കുടി: നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേരെ കാണാതായി. ഏഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. പ്രദേശത്ത് നിരവധി പേരാണ് കുടുങ്ങി കിടിക്കുന്നത്. അതോടൊപ്പം ചാലക്കുടിയില്‍ നിരവധി ക്യാമ്ബുകളിലും വെള്ളം കയറി.

കുണ്ടൂരിലും മാളയിലുമുള്ള ക്യാമ്ബുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെ ആഹാരത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്. ചാലക്കുടി അന്നമനടയ്ക്കു സമീപം വൈന്തലപ്പള്ളിയില്‍ മൂപ്പത്തോളം പേര്‍ കുടുങ്ങി കിടക്കുന്നു. വ്യാഴാഴ്ച മുതല്‍ ഇവര്‍ പ്രദേശത്ത് കുടങ്ങി കിടക്കുകയാണ്.

അതേസമയം, എറണാകുളത്തേക്കു തൃശൂരില്‍നിന്നുള്ള ദേശീയപാത പൂര്‍ണ്ണമായും അടച്ചു. നഗരത്തിനടുത്തുള്ള ടോള്‍ പ്ലാസ, പുതുക്കാട്, ആമ്ബല്ലൂര്‍, കറുകുറ്റി, മുരിങ്ങൂര്‍ തുടങ്ങിയ സ്ഥലത്തെല്ലാം പാതയില്‍ വെള്ളം കയറി. പലയിടത്തും പുഴ റോഡിനു കുറുകെ ഒഴുകുന്ന അവസ്ഥയാണ്. മുരിങ്ങൂര്‍ മേല്‍പ്പാലത്തിലും വെള്ളം കയറി.

തൃശൂരില്‍ രാവിലെ പത്തുവരെ മഴയ്ക്കു നേരിയ ശമനമുണ്ടായിരുന്നെങ്കിലും പിന്നീടു വീണ്ടും മഴ തുടങ്ങി. കുതിരാന്‍ വഴിയുള്ള പാലക്കാട് റോഡ് അടഞ്ഞു കിടക്കുന്നു. ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കു പോകാനുള്ള റോഡും പലയിടത്തായി വെള്ളത്തിലാണ്. തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ടു കുറച്ചു കുറഞ്ഞു. ചാലക്കുടിയില്‍ വെള്ളം ഉയരുകയാണ്. മാള, ചാലക്കുടി പ്രദേശത്തു പതിനായിരത്തിലേറെ പേര്‍ അതീവ ഗുരുതരാവസ്ഥയെ നേരിടുന്നു.