ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു: ആശുപത്രികളില്‍ നിന്ന് രോഗികളെയും ജീവനക്കാരേയും ഒഴിപ്പിച്ചു

August 17, 2018 0 By Editor

കൊച്ചി: വെള്ളക്കെട്ട് രൂക്ഷമായതോടെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവെച്ചു. ആലുവ, മുവാറ്റുപുഴ, ചേരാനല്ലൂര്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെയും ജീവനക്കാരേയും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ, പെരുമ്ബാവൂര്‍, കാലടി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങിയ നിലയിലാണുള്ളത്.

അതേസമയം, സംസ്ഥാനത്തെ മഹാപ്രളയത്തില്‍ പെട്ട് ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ നാവികസേനയുടെ അതിതീവ്രദൗത്യം തുടരുകയാണ്. 40 ഡൈവിങ് ടീമുകളും ഹെലികോപ്റ്ററുകളുമായി ഓപ്പറേഷന്‍ മദത് എന്ന ദൗത്യംഎല്ലാത്തരത്തിലും സഹായഹസ്തവുമായി രംഗത്തുണ്ട്.

പെരിയാറില്‍ നിന്ന് കുതിച്ചെത്തിയ വെള്ളത്തില്‍ ഭൂരിഭാഗവും മുങ്ങിയ കൊച്ചിയില്‍ നാവികസേന പൂര്‍ണസമയ നിരീക്ഷണം നടത്തുന്നുണ്ട്. 40 റെക്‌സ്യൂ ഡൈവിങ് ടീമുകള്‍ ജെമിനി ബോട്ടുകളുമായി രക്ഷാദൗത്യം നടത്തുന്നു. കഴിഞ്ഞദിവസം വരെ 150 ഓളം ആളുകളെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്. രക്ഷപെടുത്തിയവര്‍ക്ക് നാവികസേനാ ആസ്ഥാനത്ത് ക്യാംപ് ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫോര്‍ട്ട് കൊച്ചിയിലും ആലുവയിലും നാവികസേനയുടെ ദുരിതാശ്വാസ ക്യാംപുകളുണ്ട്.