മലപ്പുറത്ത് വെള്ളപ്പൊക്കത്തിനു അറുതിയായി തുടങ്ങി: പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചു

മലപ്പുറത്ത് വെള്ളപ്പൊക്കത്തിനു അറുതിയായി തുടങ്ങി: പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചു

August 18, 2018 0 By Editor

മലപ്പുറം: പുഴകള്‍ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിനു ജില്ലയില്‍ അറുതിയായി തുടങ്ങി. റോഡുകളില്‍നിന്നു വെള്ളം ഒഴിഞ്ഞതിനാല്‍ പല മേഖലകളിലും ഗതാഗതം പുനസ്ഥാപിച്ചു. പുഴയോരങ്ങളോടു ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയില്‍ തന്നെയാണ്. വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായി. മഴയ്ക്കും കുറവു വന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തില്‍ തന്നെയാണ്.

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മലപ്പുറത്ത് കിഴക്കേത്തലയിലും കോട്ടപ്പടിയിലുമുണ്ടായ വെള്ളക്കെട്ട് നീങ്ങി. മഞ്ചേരി ഭാഗത്തേക്കും കോട്ടയ്ക്കല്‍ ഭാഗത്തേക്കും വാഹനങ്ങള്‍ ഓടിത്തുടങ്ങി. കോട്ടയ്ക്കല്‍ തിരൂര്‍ റൂട്ടില്‍നിന്നു പൂര്‍ണമായി വെള്ളം ഇറങ്ങിയിട്ടില്ല. ദേശീയപാതയില്‍ മലപ്പുറത്തിനും പെരിന്തല്‍മണ്ണയ്ക്കുമിടയില്‍ കൂട്ടിലങ്ങാടിക്കും കീരന്‍കുണ്ടിനുമിടയില്‍ വെള്ളം ഒഴിഞ്ഞിട്ടില്ല. മഞ്ചേരി ആനക്കയം വഴിയാണ് പാലക്കാട് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്.

കോട്ടയ്ക്കല്‍ പുത്തൂര്‍ ചെനയ്ക്കല്‍ ബൈപാസില്‍ വെള്ളമുണ്ട്. വളാഞ്ചേരി പട്ടാമ്പി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു. പെരിന്തല്‍മണ്ണയില്‍ എല്ലാം സാധാരണ നിലയിലായി. ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയാന്‍ തുടങ്ങിയതോടെ കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍നിന്നു വെള്ളമൊഴിഞ്ഞു. പച്ചക്കറി വണ്ടികള്‍ എത്തി തുടങ്ങിയതിനാല്‍ സാധനങ്ങള്‍ക്കുള്ള ക്ഷാമവും പരിഹരിക്കപ്പെട്ടു വരികയാണ്. പാല്‍ വിതരണവും പുനരാരംഭിച്ചു. ഇന്ധന ടാങ്കുകള്‍ എത്തി തുടങ്ങിയിട്ടില്ലാത്തതിനല്‍ ഇന്ധന ക്ഷാമം തുടരുന്നു. പല സ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.