കേരളത്തിന് താങ്ങായി ഖത്തറും: 35 കോടി ധനസഹായം പ്രഖ്യാപിച്ച് അമീര്‍

August 19, 2018 0 By Editor

ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 50 ലക്ഷം ഡോളര്‍ (ഏകദേശം 35 കോടി ഇന്ത്യന്‍ രൂപ) ധനസഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഗള്‍ഫ് രാജ്യങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ച തുകയില്‍ ഏറ്റവും ഉയര്‍ന്നതാണിത്.

പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രളയ ദുരന്തത്തില്‍ അനുശോചിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചിരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇന്ത്യന്‍ പ്രസിഡന്റിന് അനുശോചനം അറിയിച്ചു.

കേരളത്തിലെ പ്രളയദുരിതത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും അനുശോചിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം അനുശോചനസന്ദേശം അയച്ചിരുന്നു.