അറഫാ സംഗമം: വിശ്വാസികളെല്ലാം ഇന്ന് പുണ്യഭൂമിയായ മക്കയില്‍

അറഫാ സംഗമം: വിശ്വാസികളെല്ലാം ഇന്ന് പുണ്യഭൂമിയായ മക്കയില്‍

August 20, 2018 0 By Editor

മക്ക: അറഫാ സംഗമത്തിന്റെ ഭാഗമായി വിശ്വാസികള്‍ ഇന്ന് മക്കയില്‍ ഒത്തു ചേരും. 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയില്‍ ഇന്ന് സംഗമിക്കുന്നത്.

ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള അറഫയിലെ നമീറ മസ്ജിദ് തിങ്കളാഴ്ച പുലരും മുമ്പുതന്നെ നിറഞ്ഞിരുന്നു. മിനായില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള തെരുവുകള്‍ ഞായറാഴ്ച രാത്രിയോടെ തന്നെ ജനലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.

ഇന്ന് ഉച്ചയോടെ മുഴുവന്‍ തീര്‍ഥാടകരും അറഫയില്‍ സംഗമിക്കും. ഉച്ചക്കും വൈകുന്നേരവുമുള്ള നമസ്‌കാരങ്ങള്‍ വിശ്വാസികള്‍ ഒരുമിച്ച് നിര്‍വഹിക്കും. ഉച്ച മുതല്‍ അസ്തമയം വരെ അറഫയില്‍ നില്‍ക്കലാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ്.

അറഫ സംഗമത്തിന് വമ്പിച്ച ഒരുക്കമാണ് അധികൃതര്‍ നടത്തിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെ മിനായില്‍നിന്ന് മശാഇര്‍ ട്രെയിനുകള്‍ അറഫയിലേക്ക് സര്‍വിസ് തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള 68,000 ഹാജിമാര്‍ക്കാണ് ഇത്തവണ ട്രെയിന്‍ സൗകര്യം ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് ബസിലാണ് യാത്ര. 40 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ്. ചൂട് ശമിപ്പിക്കാന്‍ അറഫയിലുടനീളം കൃത്രിമ ചാറ്റല്‍മഴക്ക് വാട്ടര്‍സ്‌പ്രെയറുകള്‍ സജ്ജമാണ്.