ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഹരിയാനയില്‍ ശിരോമണി അകാലിദള്‍ ഒറ്റക്ക് മത്സരിക്കും

August 20, 2018 0 By Editor

കുരുക്ഷേത്ര: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ ഹരിയാനയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സുഖ്ബിര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഒരു മുന്നണിയിലും നില്‍ക്കാതെ തന്നെ പാര്‍ട്ടി വിജയം നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുരുക്ഷേത്രയിലെ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രിയാണ് സുഖ്ബിര്‍ സിംഗ്.

‘ പഞ്ചാബില്‍ ആളുകളെ പാര്‍ട്ടിയുടെ കീഴില്‍ അണിനിരത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഹരിയാനയിലും അത് തന്നെ ആവര്‍ത്തിക്കും. ആരുടെയും സഹായമില്ലാതെ, ഒരു രാഷ്ട്രീയ കൂട്ടുകെട്ടുമില്ലാതെ തന്നെ വിജയം കൈവരിക്കാനുള്ള ശക്തി അകാലി ദളിനുണ്ട്’ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ ലോക് ദളുമായി ശിരോമണി അകാലി ദളിന് കഴിഞ്ഞ തവണ കൂട്ടുകെട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഐക്യം തകര്‍ന്നത്.

അധികാരത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതിയും കൃഷിയിടങ്ങളിലേയ്ക്ക് സൗജന്യ ജലസേചനവുമാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജിദിയ, ഹരിയാനയുടെ ഉത്തരവാദിത്വമുള്ള നേതാവ് ബല്‍വീന്ദര്‍ സിംഗ് ബുന്ദര്‍ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു. കുരുക്ഷേത്രയിലും സമീപത്തുമുള്ള സിഖ് വോട്ടുകള്‍ സമാഹരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ഈ റാലികളുടെ ലക്ഷ്യം. എന്നാല്‍ പാര്‍ട്ടി വിരുദ്ധരായ ചിലര്‍ ബാദലിനെതിരെ കരിങ്കൊടി കാണിക്കുകയും പാര്‍ട്ടി വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.