പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ അതിന് തുരങ്കം വെക്കുന്ന പ്രവര്‍ത്തിയാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്: ബൃന്ദ കാരാട്ട്

August 20, 2018 0 By Editor

കൊച്ചി: ദുരിതകയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ ഒരു തരത്തിലും സഹായിക്കരുതെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാറിനെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ പ്രളയക്കെടുതിയെ ചെറുക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയാണ്. എന്നാല്‍ സംഘപരിവാറും സേവഭാരതിയും ഇതിനെ തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

പ്രളയദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കരുതെന്ന ആഹ്വാനമാണ് അവര്‍ നടത്തുന്നത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന ആഹ്വാനവുമായാണ് അവര്‍ രംഗത്ത് വരുന്നത്.

കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.