ചെങ്ങന്നൂരില്‍ പല മേഖലകളിലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

ചെങ്ങന്നൂരില്‍ പല മേഖലകളിലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

August 21, 2018 0 By Editor

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ പാണ്ടനാട്,തിരുവന്‍ വണ്ടൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. വെള്ളപ്പൊക്കത്തില്‍ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. വീടൊഴിയാന്‍ വിസമ്മതിക്കുന്നവര്‍ മാത്രമാണ് ഇനി ഇവിടങ്ങളില്‍ തുടരുന്നത്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഫോണ്‍സന്ദേശങ്ങള്‍വന്ന സ്ഥലങ്ങളിലെല്ലാം ദൗത്യസേന നേരിട്ടുപോയി അങ്ങനെയില്ലെന്നുറപ്പാക്കി. വെള്ളം താഴ്ന്നതിനാല്‍ എല്ലായിടത്തും എത്താനാവുന്നുണ്ട്. സൈന്യത്തിന്റെ സേവനം ഇനിയും ചെങ്ങന്നൂരില്‍ തുടരും.

85,925 പേരാണ് 212 ക്യാമ്ബുകളിലായി കഴിയുന്നത്. ക്യാമ്ബില്‍ എത്താത്തവര്‍ 15,000ത്തോളം വരുമെന്ന് കണക്കാക്കുന്നു. ഇവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ഇനി മുന്‍ഗണന. ചെങ്ങന്നൂരില്‍ നാലുലക്ഷം ജനസംഖ്യയുള്ളതില്‍ 40 ശതമാനം പേരെ (1,60,000) പ്രളയം ബാധിച്ചതായാണ് വിലയിരുത്തല്‍.

പ്രദേശത്ത് വെള്ളമൊഴിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.ക്യാമ്ബുകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വീടുകള്‍ വൃത്തിയാക്കാനും മറ്റുമായി തിരികെയെത്തിതുടങ്ങിയിട്ടുണ്ട്.

ഇടനാട്ടില്‍ വീടുകള്‍പോലും ഒഴുകിപ്പോയി. ചിലയിടത്ത് ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു. ആഡംബരവീടുകളുടെ അടിത്തറപോലും ഇളക്കിയാണ് പ്രളയം കടന്നുപോയത്. ഇടനാട് കണ്ണങ്ങാട്ട് മണ്ണില്‍ സദാനന്ദന്‍ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ സ്വാതന്ത്ര്യദിനത്തിന്റെ അന്ന് ദുരിതാശ്വാസക്യാമ്ബിലേക്ക് പോയതാണ്. അഞ്ചുനാള്‍ കഴിഞ്ഞ് വെള്ളമിറങ്ങിയപ്പോള്‍ വീടിരുന്ന സ്ഥലത്ത് ബാക്കിയായത് കുറെ ഓടും സിമന്റുകട്ടകളും പട്ടിക കഷണങ്ങളും മാത്രം.

പമ്ബാനദി കുത്തിയൊഴുകിയ ഇടങ്ങളിലെല്ലാം വന്‍ നാശമുണ്ടായി. ആയിരക്കണക്കിന് വീടുകള്‍ പ്രളയക്കെടുതിക്ക് ഇരയായി. വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലരും വീടിന്റെ അവസ്ഥ അറിയാന്‍ ഓടിച്ചെന്നു. കരള്‍പിളരും കാഴ്ചയായിരുന്നു എങ്ങും. ജീവിതത്തില്‍ സമ്ബാദിച്ചതെല്ലാം നഷ്ടമായപ്പോള്‍ പലര്‍ക്കും കണ്ണീരടക്കാനായില്ല. അപ്പോഴും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസം. ചെങ്ങന്നൂരില്‍ കുറേ മനുഷ്യജീവിതം മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം പ്രളയം കൊണ്ടുപോയി. ചെങ്ങന്നൂരിന്റെ ദുരിതത്തില്‍ കൈയയച്ചുസഹായിക്കാന്‍ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും ആരുടെയും ആഹ്വാനമില്ലാതെ ഓടിയെത്തുന്ന കാഴ്ചയാണ് പ്രദേശത്തിന് ആശ്വാസം പകരുന്നത്.