പട്ടാമ്പി പാലത്തിന് ഒന്നും സംഭവച്ചിട്ടില്ല: ഗതാഗത നിയന്ത്രണം തുടരും

പട്ടാമ്പി പാലത്തിന് ഒന്നും സംഭവച്ചിട്ടില്ല: ഗതാഗത നിയന്ത്രണം തുടരും

August 21, 2018 0 By Editor

പട്ടാമ്പി: ഭാരതപ്പുഴ നിറഞ്ഞ് പുഴവെള്ളം രണ്ടു ദിവസം പാലത്തിനു മുകളിലൂടെ ഒഴുകിയെങ്കിലും പട്ടാമ്പി പാലത്തിന് ബലക്ഷയമില്ല. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കേട് കൈവരികള്‍ക്കും അപ്രോച് റോഡിനും പാലത്തിന്റെ ഉപരിതല റോഡിനും മാത്രം. കൈവരികള്‍ ഉടന്‍ പുനര്‍നിര്‍മിച്ച് പാലത്തിലൂടെ കാല്‍നട യാത്ര അനുവദിക്കും. അപ്രോച് റോഡ് നിര്‍മാണവും പാലത്തിന്റെ ഉപരിതല റോഡ് അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാല്‍ ചെറിയ വാഹനങ്ങള്‍ക്കു കടന്നുപോകാം. വലിയ വാഹനങ്ങള്‍ കൂടുതല്‍ പരിശോധനക്കുശേഷം മാത്രമേ പാലത്തിലൂടെ കടത്തിവിടു.

നിലവില്‍ പാലത്തിന്റെ തൂണുകള്‍ക്ക് കേടുകള്‍ കാണുന്നില്ല. പാലത്തിന്റെ സ്ലാബിനും കേടില്ല. പുഴയിലെ വെള്ളം താണതിന് ശേഷം തൂണുകള്‍ക്ക് കേടുകളില്ലെന്ന് ഉറപ്പാക്കി മാത്രമേ വലിയ വാഹനങ്ങള്‍ കടത്തിവിടാനാകൂവെന്ന് പരിശോധനക്കെത്തിയ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ മനോമോഹനന്‍, സീനിയര്‍ എന്‍ജിനീയര്‍ എസ്.സജു, റോഡ്‌സ് ആന്‍ഡ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ എന്നിവര്‍ അറിയിച്ചു. കൈവരികള്‍ നിര്‍മിക്കാതെ പാലത്തിലൂടെ നടന്നാല്‍ കാറ്റ് ശക്തമായി പുഴയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാലാണ് അനുവദിക്കാത്തത്.

ജനങ്ങളുടെ വിഷമം കണക്കിലെടുത്ത് കെവരികളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെന്നും ഇവര്‍ അറിയിച്ചു. പാലത്തിന്റെ തൂണുകള്‍ക്ക് കേടുണ്ടോയെന്നറിയാന്‍ ഫയര്‍ റസ്‌ക്യു സര്‍വീസ് ബോട്ട് ഉപയോഗിച്ചായിരുന്നു പരിശോധന. എംഎല്‍എമാരായ മുഹമ്മദ് മുഹസിന്‍, വി.ടി. ബല്‍റാം, പട്ടാമ്പി നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കൈവരി നിര്‍മാണം ഇന്ന് ആരംഭിക്കും. പാലത്തില്‍ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നത് വരെ കാത്തുനില്‍ക്കാതെ ജനറേറ്റര്‍ ഉപയോഗിച്ച് നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം.