‘ഞാന്‍ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല’: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ ഡയറി കണ്ടെത്തി

‘ഞാന്‍ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല’: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ ഡയറി കണ്ടെത്തി

August 26, 2018 0 By Editor

കണ്ണൂര്‍: നിരാശയും സങ്കടവും എഴുതിച്ചേര്‍ത്തു പിണറായി കൂട്ടക്കൊല കേസിലെ ഏകപ്രതി സൗമ്യയുടെ ഡയറിക്കുറിപ്പുകള്‍. ജയിലില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഏതാനും നോട്ടുപുസ്തകങ്ങളിലായി സൗമ്യ എഴുതിയ കുറിപ്പുകള്‍ കണ്ടെടുത്തത്. പൊലീസിന്റ ചോദ്യംചെയ്യലിലും വിചാരണസമയത്തും തന്റേടം കൈവിടാതെ നിന്ന സൗമ്യ ജയിലിനകത്ത് അത്യന്തം നിരാശയിലായിരുന്നെന്നു കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. തനിച്ചായി പോയെന്നും ഒറ്റപ്പെടല്‍ സഹിക്കാനാകുന്നില്ലെന്നും ഇതിലുണ്ട്. ‘എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല, കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല’ എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

നാലു മാസത്തിനിടെ മൂന്ന് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായതോടെയാണു പിണറായി പടന്നക്കര വണ്ണത്താംവീട് ജനശ്രദ്ധയില്‍പ്പെട്ടത്. നിരപരാധിയാണെന്ന സൗമ്യയുടെ ആത്മഹത്യാക്കുറിപ്പും കൂട്ടുപ്രതികളുണ്ടെന്ന ബന്ധുക്കളുടെ വാദവും അടക്കമുള്ള ദുരൂഹതകള്‍ ബാക്കിയാക്കിയാണ് സൗമ്യ ജീവനൊടുക്കിയത്.

എന്നാല്‍ സൗമ്യയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍. കര്‍ശനസുരക്ഷയുള്ള ജയിലിനകത്ത് സൗമ്യ തൂങ്ങിമരിച്ചത് അധികൃതര്‍ അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാനാകില്ല. കേസിലെ ഏക പ്രതിയായ സൗമ്യ ജീവിച്ചിരിക്കരുത് എന്നു മറ്റാര്‍ക്കോ നിര്‍ബന്ധമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതകത്തിലെ കൂട്ടുപ്രതികളെ കണ്ടെത്തുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്നു ഗുരുതരവീഴ്ചയുണ്ട്. സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പരിശോധിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ലെന്നാണു പൊലീസ് പറഞ്ഞത്.

ജയിലില്‍ സൗമ്യയെ സന്ദര്‍ശിച്ച കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി(കെല്‍സ) പ്രവര്‍ത്തകരോടു ചിലരുടെ നിര്‍ദേശപ്രകാരമാണു കൊലപാതകങ്ങളെന്നും ഇക്കാര്യം കോടതിയില്‍ തുറന്നുപറയുമെന്നും സൗമ്യ പറഞ്ഞിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു. ഒരു സഹോദരിയും മാതാവിന്റെ സഹോദരന്‍മാരുമാണു സൗമ്യയുടെ അടുത്ത ബന്ധുക്കള്‍.

ജനുവരി 21നാണ് സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യ(ഒന്‍പത്) ഛര്‍ദിയും വയറിളക്കവും മൂലം മരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലായ അമ്മ കമല(65) മരിച്ചു. പിന്നീട് ഏപ്രില്‍ 13ന് ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചു.

രണ്ടാഴ്ചയ്ക്കു ശേഷം സൗമ്യയും ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ നാട്ടുകാര്‍ പരാതി ഉന്നയിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാതാപിതാക്കളുടെ ആന്തരീകാവയവ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തി ഐശ്വര്യയുടെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴും വിഷാംശം കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൗമ്യയെ അറസ്റ്റ് ചെയ്തു.