പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണം പോലും ചേരാത്തയാളാണ് അര്‍ണബ് ഗോസ്വാമി: എം.വി.ജയരാജന്‍

August 27, 2018 0 By Editor

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പരിഹാസവുമായി സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി എം.വി.ജയരാജന്‍ രംഗത്ത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവര്‍ത്തകനാവുകയാണ് അര്‍ണബ് ചെയ്യേണ്ടതെന്നാണ് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മലയാളികളെ അപമാനിച്ച ഗോസ്വാമി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം

ദേശീയ മാധ്യമപ്രവര്‍ത്തകന്‍ എന്നതുപോയിട്ട്, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്നവിശേഷണം പോലും ചേരാത്തയാളാണ് അര്‍ണബ് ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിനുവേണ്ടി പഠിച്ച്, നട്ടെല്ല് വളയ്ക്കാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാലിവിടെ, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഘട്ടത്തിലും മലയാളികളേയും കേരളത്തേയും അപമാനിക്കാനാണ് ഈ ‘മാധ്യമ മേല്‍വിലാസക്കാരന്‍’ തയ്യാറായിരിക്കുന്നത്.

കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് പണം നഷ്ടമാവുന്നു എന്ന് കരുതി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത കാവിരാഷ്ട്രീയക്കാരന്റെ അല്‍പബുദ്ധി തന്നെയാണ് അദ്ദേഹത്തിനും എന്ന് കരുതണം. സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവര്‍ത്തകനായി കേരളത്തേയും മലയാളികളേയും കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും തയ്യാറായിരുന്നെങ്കില്‍ മലയാളികളെക്കുറിച്ച് അദ്ദേഹത്തിന് ഈ അഭിപ്രായം ഉണ്ടാകുമായിരുന്നില്ല.

ഗോസ്വാമിയുടെ അസ്സാമിനേക്കാള്‍ പലകാര്യങ്ങളിലും ലോകത്തോട് മത്സരിക്കുന്നവരാണ് കേരളവും മലയാളികളും. മുന്നനുഭവം ഇല്ലാതിരുന്നിട്ടും, നൂറ്റാണ്ടിലെ വലിയ പ്രകൃതിക്ഷോഭത്തെ ഐക്യത്തോടെ പരാജയപ്പെടുത്തിയ കേരളാമാതൃക ലോകം ചര്‍ച്ച ചെയ്യുകയാണിന്ന്. നാണം കെട്ടവരല്ല, നാടിന്റെ (ഇന്ത്യയുടെ) യശസ്സുയര്‍ത്തിപ്പിടിച്ചവരാണ് കേരളവും മലയാളികളും. അത് തിരിച്ചറിയാന്‍ സാധിക്കണമെങ്കില്‍ സംഘപരിവാര്‍ കണ്ണട ഊരിമാറ്റി, മാധ്യമപ്രവര്‍ത്തകന്റെ ശരിയായ കാഴ്ച നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കേണ്ടതുണ്ട്; ദേശീയ മാധ്യമപ്രവര്‍ത്തകന്റെ നിലവാരത്തിലേക്ക് ഗോസ്വാമി ഉയരേണ്ടതുണ്ട്’.
എം.വി ജയരാജന്‍