ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് ഇന്ത്യയുടെ ആദ്യ ജൈവ ഇന്ധന വിമാനം

ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് ഇന്ത്യയുടെ ആദ്യ ജൈവ ഇന്ധന വിമാനം

August 28, 2018 0 By Editor

ന്യൂഡല്‍ഹി: ചരിത്ര രേഖകളില്‍ അടയാളപ്പെടുത്താനായി ഇന്ത്യയിലെ ആദ്യ ജൈവ ഇന്ധന വിമാനം പറന്നുയര്‍ന്നു. ചത്തീസ്ഗഡിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ അധ്വാനത്തില്‍ വിളഞ്ഞ ജെട്രോഫ ചെടിയുടെ എണ്ണ ഇന്ധനമാക്കിയാണ് ഇന്ത്യയിലെ ആദ്യ ജൈവ ഇന്ധന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഡെറാഡൂണില്‍ നിന്നാണ് 72 സീറ്റുള്ള സ്‌പൈസ്‌ജെറ്റ് വിമാനം ബോംബാര്‍ഡിയര്‍ ക്യൂ 400 ഡല്‍ഹിയിലേക്ക് പറന്നത്. ഭാഗികമായി ജൈവ ഇന്ധനം ഉപയോഗിച്ചുപറന്ന വിമാനത്തില്‍ സിവില്‍ ഏവിയേഷന്‍ അധികൃതരുള്‍പ്പടെ 20 പേരാണ് ആദ്യയാത്രക്കാരായി ഉണ്ടായിരുന്നത്.

ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയമാണ് ജൈവഇന്ധന യാത്രാവിമാനം വികസിപ്പിച്ചെടുത്തത്. വിമാനത്തില്‍ ഉപയോഗിച്ച ജൈവ ഇന്ധനം ഉണ്ടാക്കിയത് ജെട്രോഫ എന്ന ഒരിനം ചെടിയുടെ കുരുവില്‍ നിന്നാണ്. ഈ എണ്ണനിര്‍മ്മാണത്തില്‍ കര്‍ഷകരുടെ പങ്ക് വളരെ വലുതാണെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു.

ജെട്രോഫ ചെടിയുടെ കുരുവിന് പുറമെ ജൈവ അവശിഷ്ടങ്ങള്‍, വ്യാവസായിക, കാര്‍ഷിക മാലിന്യങ്ങള്‍ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനിന്റെ ക്ഷമത കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ വലത് എന്‍ജിനില്‍ 25 ശതമാനമാണ് ജൈവഇന്ധനം ഉപയോഗിച്ചത്.

വിമാനയാത്രയുടെ ചെലവ് കുറയ്ക്കുക, പരിസ്ഥി സംരക്ഷണം തുടങ്ങി ഇന്ത്യന്‍ സാമ്പത്തിക നേട്ടത്തിനുകൂടി വ്യക്തമായ മുന്‍കൈ നേടിയെടുക്കാന്‍ സാധിക്കുന്ന പരീക്ഷണം കൂടിയിണ് സ്‌പൈസ്‌ജെറ്റ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

അതേസമയം, 2035ഓടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വ്യോമനയം രൂപീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഹരിതഗൃഹ പ്രഭാവവും വിദേശത്ത് നിന്നുള്ള പെട്രോളിയം ഇറക്കുമതിയും കുറയ്ക്കുന്നതിന് വേണ്ടി ജൈവ ഇന്ധനത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്നും, കൂടുതല്‍ വിമാനകമ്പനികള്‍ ഇതിന് വേണ്ടി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.