കേരളത്തെ തച്ചുതകര്‍ത്ത് പ്രളയക്കെടുതി: പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗത്തിന്റെ പൂര്‍ണരൂപം

August 30, 2018 0 By Editor

തിരുവനന്തപുരം: കേരളത്തെ തച്ചുതകര്‍ത്ത പ്രളയക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രസംഗത്തിന്റെ പൂര്‍ണരൂപം.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്‌ബോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു. ചോര നീരാക്കി സമ്ബാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണ്. കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍,വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ തുടങ്ങിയവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി. അതിന്റെ ഫലമായി483പേരുടെ ജീവന്‍ ഇത് കവരുകയും ചെയ്തു.14പേരെ കാണാതായിട്ടുണ്ട്.140പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കാലവര്‍ഷം ശക്തമായ ആഗസ്റ്റ്21ന് 3,91,494 കുടുംബങ്ങളിലായി 14,50,707പേര്‍ വരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ജീവിക്കേണ്ട നിലയിലേക്ക് അത് എത്തുകയും ചെയ്തു. ഇന്നത്തെ സ്ഥിതി അനുസരിച്ച് 305 ക്യാമ്ബുകളിലായി 16,767കുടുംബങ്ങളിലെ59,296ആളുകള്‍ ഉണ്ട്. ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തില്‍ നിന്ന് രക്ഷ നേടിയത്.

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു നാട് ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തില്‍പ്പെട്ടു. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എപോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി നടത്തിയ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും നമുക്ക് ബിഗ് സല്യൂട്ട് നല്‍കാം.

സമ്ബദ്ഘടനയ്ക്ക് തിരിച്ചടി

വീടുകള്‍ക്കും പശ്ചാത്തല സൗകര്യങ്ങള്‍ക്കും ഉണ്ടായിട്ടുള്ള കെടുതി സംസ്ഥാനത്തിന്റെ വികസന പ്രക്രിയയെ തന്നെ തകിടംമറിക്കുന്ന വിധത്തില്‍ വന്നിരിക്കുകയാണ്. വീടുകള്‍ക്കുണ്ടായ തകര്‍ച്ച,ഗൃഹോപകരണങ്ങളുടെ നഷ്ടം, കാര്‍ഷിക നഷ്ടം, വളര്‍ത്തുമൃഗങ്ങളുടെ നഷ്ടം,ജീവനോപാധികളുടെ നഷ്ടങ്ങള്‍,വ്യാപാരമടക്കമുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ച,വിദ്യാലയങ്ങളും ആശുപത്രികളും സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നഷ്ടം,പാരിസ്ഥിതികമായ മാറ്റങ്ങള്‍ ഇവയെല്ലാം കണക്കിലെടുക്കുമ്‌ബോള്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഏറെ വലുതാണ്. ടൂറിസം പോലുള്ള മേഖലയ്ക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടിയ തോതിലുള്ള നഷ്ടം നമുക്ക് ഉണ്ടായി എന്നതാണ്.

ഏതൊരു ദുരന്തത്തെയും അതിജീവിക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടമായ രക്ഷാപ്രവര്‍ത്തനം അവസാനിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടമായ പുനരധിവാസവം നടന്നുകൊണ്ടിരിക്കുകയാണ്. അത് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. പുനര്‍നിര്‍മ്മാണമെന്ന എറ്റവും പ്രധാനപ്പെട്ട കടമ ഇനി നമുക്ക് ഏറ്റെടുക്കാനുണ്ട്. അത് ഏത് വിധത്തിലാകണമെന്നത് പുതിയ കേരള സൃഷ്ടിയെക്കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതിനുതകുന്ന ക്രിയാത്മകമായ ചര്‍ച്ചകള്‍ ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്. അതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തത്. ഇവിടെ നിലനില്‍ക്കുന്ന മാനവികതയും അതിന്റെ അടിത്തറയില്‍ രൂപപ്പെട്ടുവന്ന ഐക്യവുമാണ് ഇത്തരമൊരു മഹാദുരന്തത്തെ മറികടക്കുന്നതിനുള്ള നമ്മുടെ കരുത്ത്. ലോകത്തെമ്ബാടുമുള്ള ജനത ഇതുമായി ഐക്യപ്പെട്ടുനില്‍ക്കുന്നതിന് പ്രചോദനമായി നില്‍ക്കുന്ന സുപ്രധാനമായ ഘടകങ്ങളിലൊന്ന് ഒറ്റക്കെട്ടായുള്ള നമ്മുടെ സമീപനമാണ്. അതിനെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനും നാട് നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കുവാനുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഇവിടെ ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ദുരന്തഘട്ടത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ് ഈ സഭയിലെ അംഗങ്ങള്‍. അതിന് കക്ഷിഭേദമുണ്ടായിരുന്നില്ല. രക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചണിനിരന്നു. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രക്ഷാപ്രവര്‍ത്തനഘട്ടത്തില്‍ സര്‍ക്കാരിന് ഏറെ സഹായകമായിരുന്നു. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനും ഇത്തരത്തിലുള്ള ക്രിയാത്മകമായ ഇടപെടലാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സര്‍ക്കാരിന്റെ തയ്യാറെടുപ്പുകള്‍

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഉണ്ടാകുമെന്നുള്ള സൂചന കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്നും ഉണ്ടായപ്പോള്‍ തന്നെ അതിനെ നേരിടാനുള്ള ക്രിയാത്മകമായ ഇടപെലുകള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ പ്രവചിച്ചതിനേക്കാള്‍ എത്രയോ വലിയ കാലവര്‍ഷമാണ് ഏതാനും ദിവസങ്ങളില്‍ ഇവിടെ ഉണ്ടായത്. അത് നമ്മുടെ സവിശേഷമായ ഭൂഘടനയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഈ സവിശേഷ സാഹചര്യമാണ് കാലവര്‍ഷക്കെടുതിയുടെ വിവിധ രൂപങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്. 16.05.2018മുതല്‍ തന്നെ ഇക്കാര്യത്തില്‍ തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ഉള്‍പ്പെടെ വിവിധ തലങ്ങളിലെ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു.

പ്രളയത്തിലേക്ക് കേരളം

കാലവര്‍ഷക്കെടുതി രൂക്ഷമായ തരത്തിലേക്ക് വരുന്നത് കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കട്ടിപ്പാറയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെയാണ്. ഈ ദുരന്തത്തില്‍14പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. വീടുകള്‍ പലതും തകര്‍ന്നു. വമ്ബിച്ച കൃഷിനാശത്തിലേക്കും ഇത് നയിച്ചു. ഭൂമിയുടെ പ്രതലഘടനയ്ക്ക് തന്നെ മാറ്റമുണ്ടായി. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ വലിയ നാശനഷ്ടം വിതച്ച് കൊണ്ട് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വ്യാപകമായി. വയനാട് ജില്ല തികച്ചും ഒറ്റപ്പെട്ടു. ആലപ്പുഴ,കോട്ടയം,കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാവട്ടെ കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയുമുണ്ടായി.

കേരളം കനത്ത പ്രളയത്തില്‍

ആഗസ്റ്റ് എട്ടാം തീയതി രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ആരംഭിച്ചതോടെയാണ് കാലവര്‍ഷക്കെടുതി ഈ നൂറ്റാണ്ടിലെ എറ്റവും വലിയ ദുരന്തമായി മാറുന്നതിലേക്ക് നയിച്ചത്. കാലാവസ്ഥ പ്രവചനത്തിന്റെ എല്ലാ കണക്കുകളെയും തെറ്റിച്ചുകൊണ്ടാണ് സംസ്ഥാനത്ത് കനത്തമഴ തുടര്‍ച്ചയായി പെയ്തത്. ആഗസ്റ്റ് 9 മുതല്‍ 15 വരെയുള്ള ഘട്ടത്തില്‍ സംസ്ഥാനത്ത് കണക്ക് കൂട്ടിയ മഴ 98.5 മില്ലീമീറ്ററായിരുന്നു. എന്നാല്‍ പെയ്തതാവട്ടെ352.2മില്ലീമീറ്റര്‍. അതായത് കേരളത്തില്‍ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കണക്ക് കൂട്ടിയതിനേക്കാള്‍ മൂന്നിരട്ടിയിലധികം മഴയാണ് സംസ്ഥാനത്തുണ്ടായത്. മഴ കനത്തതോടെ കേരളത്തിലെ നദികളിലെല്ലാം വന്‍തോതില്‍ വെള്ളം കയറി. ഭാരതപ്പുഴ, പെരിയാര്‍, പമ്ബ, ചാലക്കുടിപുഴ, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി. കേരളത്തിലെ 82ഡാമുകളും നിറഞ്ഞ് കവിഞ്ഞു. മഴ താങ്ങാനാവാതെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി. ചിലയിടങ്ങളിലാവട്ടെ നദി വഴിമാറി ഒഴുകുന്ന സാഹചര്യം വരെ ഉണ്ടായി.

മഴവെള്ളത്തിന്റെ കുത്തൊഴുക്കിലും വെള്ളപ്പൊക്കത്തിലും ലക്ഷക്കണക്കിന് വീടുകളില്‍ വെള്ളംകയറി. പതിനായിരക്കണക്കിന് വീടുകള്‍ മുങ്ങിപ്പോയി. റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു. 57,000ത്തോളം ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ ജീവനോപാധികളാവട്ടെ പൂര്‍ണ്ണമായും തകര്‍ന്നുപോയി. വളര്‍ത്തുമൃഗങ്ങളും പക്ഷികളും വെള്ളപ്പൊക്കത്തില്‍ ചത്തുമലച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യാപകമായി വെള്ളത്തിനടിയിലായി. വിലപ്പെട്ട രേഖകള്‍ പലതും മഴയില്‍ കുതിര്‍ന്ന് നശിച്ചു. ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും ഭൂമിയുടെ പ്രതലത്തിന്റെ ഘടന തന്നെ മാറിപ്പോയി. ചുരുക്കത്തില്‍ കാലവര്‍ഷക്കെടുതിക്ക് ഇരയായ പ്രദേശങ്ങളിലെ ജനജീവിതവും സാമ്ബത്തികക്രമവും പാരിസ്ഥിതികമായ അവസ്ഥയും തകിടം മറിഞ്ഞു. കാലവര്‍ഷക്കെടുതിയും വെള്ളപ്പൊക്കവും പതിനായിരക്കണക്കിന് ജനതയുടെ ജീവന്‍ തന്നെ പ്രതിസന്ധിയിലാക്കുന്ന സ്ഥിതിയായി ഇത് മാറി. അങ്ങനെ ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തിലേക്ക് കേരളം എടുത്തെറിയപ്പെട്ടു.

രക്ഷാപ്രവര്‍ത്തനങ്ങള്‍

സംസ്ഥാനത്തുണ്ടായ ഈ പ്രളയക്കെടുതിയെ നേരിടുന്നതിന് സര്‍ക്കാര്‍ സംവിധാനത്തെ ഫലപ്രദമായി ചലിപ്പിച്ചുകൊണ്ടും ബഹുജനങ്ങളെ ആകമാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണിനിരത്തിക്കൊണ്ടുമാണ് സര്‍ക്കാര്‍ ഇടപെട്ടത്. പോലീസ്,ഫയര്‍ഫോഴ്‌സ് സംവിധാനം തുടക്കത്തില്‍ തന്നെ സജീവമായി. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ബോധ്യമായ ഉടനെത്തന്നെ കേന്ദ്രസേനകളെയും സൈന്യത്തെയും അണിനിരത്തികൊണ്ടുള്ള സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിലേക്ക് സംസ്ഥാനം നീങ്ങി. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഈ ഇടപെടലുകളാണ് മരണസംഖ്യ കുറച്ചുകൊണ്ടുവരുന്നതിന് നിതാനമായത്. കാലവര്‍ഷക്കെടുതിയുടെ തുടക്കത്തില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. രക്ഷാ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സെക്രട്ടറിയേറ്റില്‍ ആഗസ്റ്റ് 9ന് ആരംഭിച്ചു. ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജില്ലാ കളക്ടര്‍മാരെ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിന് നിശ്ചയിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ദുരന്തബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതല പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവികള്‍ക്ക്പുറമെ ജില്ലകളില്‍ ഐ.പി. എസ് ഉദ്യോഗസ്ഥരെ പ്രത്യേക ചുമതല നല്‍കി നിയോഗിച്ചു. ഒരോ ജില്ലയിലും മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതലയും നല്‍കി. ചുമതല നല്‍കിയ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ അവലോകന യോഗങ്ങള്‍ നടന്നു. അതിലൂടെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം മന്ത്രിമാരുടെ നേതൃത്വത്തില്‍ നിര്‍വഹിക്കുകയും ചെയ്തു. സന്നദ്ധ സംഘടനകളെയും ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ തീവ്രമായി നടപ്പിലാക്കി. കടലിലെ ശക്തമായ തിരകളെയും ഒഴുക്കിനെയും നിത്യജീവിതത്തില്‍ നേരിട്ട അനുഭവമുള്ള മത്സ്യത്തൊഴിലാളികളെയും രക്ഷാ പ്രവര്‍ത്തനത്തിന് അണിനിരത്തുന്നതിനുള്ള ഇടപെടലും സര്‍ക്കാര്‍ നടത്തി.

ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര സേനയുടെയും

സൈനികവിഭാഗങ്ങളുടെയും സേവനം ആവശ്യപ്പെട്ടു. കാലവിളംബരം കൂടാതെ അവയുടെ വിന്യാസം ഉറപ്പാക്കുകയും ചെയ്തു. ഇവര്‍ കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായതോടെ ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിക്കുകയും ചെയ്തു. ഓരോ ദിവസത്തെയും പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ രാവിലെയും വൈകുന്നേരവും അവലോകന യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചത്. പ്രളയദുരിതം സൃഷ്ടിച്ച പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 21.08.2018ന് സര്‍വകക്ഷിയോഗവും വിളിച്ചുചേര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യോജിച്ചു നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ് അതിലുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളും സഹായകമായി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പ്രളയം സംസ്ഥാനത്തെ ബാധിച്ച ഘട്ടത്തില്‍ വിവിധഘട്ടങ്ങളിലായി പലതവണ മന്ത്രിസഭായോഗങ്ങള്‍ ചേരുകയുണ്ടായി. അതാത് ഘട്ടത്തിലെ പ്രശ്‌നങ്ങളെ പരിശോധിച്ചുകൊണ്ട് അടിയന്തര ഇടപെടലുകള്‍ ഇതിലുണ്ടായി. ഇക്കാര്യത്തില്‍ ഇടപെടുന്നതിനും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും മന്ത്രിസഭാ ഉപസമിതിയെ തന്നെ നിശ്ചയിച്ചു. . ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യൂ.ടി. തോമസ്,? എ. കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരായിരുന്നു അംഗങ്ങള്‍. പുനര്‍നിര്‍മ്മാണത്തിനുള്ള അധികവിഭവ സമാഹരണവും അടിയന്തര ധനസഹായവും ഉള്‍പ്പെടെയുള്ള തീരുമാനങ്ങളും എടുത്തത് മന്ത്രിസഭായോഗങ്ങളിലാണ്. കൃത്യസമയത്തുള്ള ഇത്തരം ഇടപെടലുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ശരിയായ പാതയിലൂടെ നയിക്കുന്നതിന് വഴിതെളിയിച്ചു.

അഭൂതപൂര്‍വമായ ഒത്തൊരുമ

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രക്ഷാ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നത്. മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് രക്ഷാ പ്രവര്‍ത്തനത്തിന്റെ പുതിയ അധ്യായങ്ങള്‍ ഇതിന്റെ ഭാഗമായി രചിക്കപ്പെട്ടു. ത്യാഗസന്നദ്ധതയുടെയും ആത്മസമര്‍പ്പണത്തിന്റെയും വഴികളിലൂടെ അത് മുന്നേറി. ഈ രക്ഷാ പ്രവര്‍ത്തനം നമ്മുടെ നാടിന്റെ മാത്രമല്ല,ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുത്തിരിക്കുകയാണ്. തങ്ങളെക്കാള്‍ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജനകീയ രക്ഷാ പ്രവര്‍ത്തനമായിരുന്നു അത്. രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ എല്ലാവരുടെയും സേവനത്തെയും സര്‍ക്കാര്‍ മാനിക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ക്യാമ്ബുകളിലുള്ളവര്‍ക്ക് ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും ഒരുക്കുന്നതില്‍ വലിയ സഹായമാണ് കേരളത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്ലാവരുടെയും സേവനത്തെ സര്‍ക്കാര്‍ ഏറെ വിലമതിക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ സവിശേഷത

രക്ഷാ പ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ ചില ഘടകങ്ങളുണ്ട്. ഒന്നാമതായി പോലീസിനെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിച്ചു എന്നതാണ്. സൈന്യത്തിനെ കൃത്യസമയത്ത് ആവശ്യപ്പെടുകയും അവയെ ഫലപ്രദമായി വിന്യസിക്കുന്നതിനും സാധിച്ചതും പ്രധാനമാണ്. ആര്‍മി,എയര്‍ഫോഴ്‌സ്,നാവികസേന,കോസ്റ്റ്ഗാര്‍ഡ് എന്‍.ഡി.ആര്‍.എഫ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ഐ.ടി.ബി.എഫ് എന്നീ കേന്ദ്രസേനകളില്‍ നിന്നായി 7443പേരാണ് അണിനിരന്നത്. 40,000ത്തോളം വരുന്ന പൊലീസ് സേനയും 3200ഓളം വരുന്ന ഫയര്‍ഫോഴ്‌സ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. വനം, എക്‌സൈസ്, ജയില്‍, മോട്ടോര്‍ വാഹന വകുപ്പുകളിലെ ജീവനക്കാരും റവന്യൂ വകുപ്പിലെ ജീവനക്കാരും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേര്‍ന്നു. ഇതോടൊപ്പം, നാട്ടുകാരും ചേര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം സജീവമായത്.

പൊലീസിന്റെയും സൈന്യത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഏകോപനം ഉറപ്പുവരുത്തുന്ന തരത്തില്‍ സംസ്ഥാന തലത്തില്‍ രാവിലെയും വൈകുരേവും നടന്ന അവലോകന യോഗങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തി. മത്സ്യതൊഴിലാളികളെ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിക്കുക എന്ന സുപ്രധാനമായ തീരുമാനവും രക്ഷാ പ്രവര്‍ത്തനത്തെ ലക്ഷ്യത്തിലേക്കെത്തിക്കുന്നതിന് സുപ്രധാന ഘടകമായി. നമ്മുടെ നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സേന എന്ന നിലയില്‍ ഉയരുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് കഴിയുന്ന സ്ഥിതിയുണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ബഹുജനങ്ങളും തമ്മില്‍ വിളക്കിച്ചേര്‍ത്തു കൊണ്ടുള്ള ശൈലി രക്ഷാ പ്രവര്‍ത്തനത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചു.

പുനരധിവാസത്തിന്റെ വഴിയേ

ദുരിതത്തിന്റെ ഒന്നാം ഘട്ടമായ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച ശേഷം പുനരധിവാസത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നാം ഇപ്പോള്‍ കടന്നിരിക്കുകയാണ്. വീടുകള്‍ താമസയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ലക്ഷ്യത്തോടടുക്കുകയാണ്. ഗതാഗത സൗകര്യങ്ങള്‍,വൈദ്യുതി,കുടിവെള്ളം,ഭക്ഷണം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ട്. നാടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി അണിചേര്‍ന്ന് മുന്നോട്ടുപോകുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവജനങ്ങള്‍ ഈ പ്രവര്‍ത്തനത്തില്‍ ഏറെ സജീവമായി പങ്കെടുക്കുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സര്‍ക്കാരിന്റെ ഭരണ സംവിധാനങ്ങളും ബഹുജനങ്ങളുമായി കൈകോര്‍ത്ത് പ്രവര്‍ത്തനരംഗത്ത് സജീവമായി നിലയുറപ്പിച്ചിരിക്കുകയാണ്.

വീടുകളില്‍ താമസം ആരംഭിക്കുന്നതിന് അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. പ്രാഥമികമായ ചെലവിന് 10,000 രൂപ സര്‍ക്കാര്‍ ഒരോ കുടുംബത്തിനും നല്‍കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനു വേണ്ടിയുള്ള തുക എസ്.ഡി.ആര്‍.എഫില്‍ നിന്നും സി.എം.ഡി.ആര്‍.എഫില്‍ നിന്നും കളക്ടര്‍ക്ക് ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ദുരന്ത നിവാരണ മാര്‍ഗരേഖ അനുസരിച്ച് ഒരു കുടുംബത്തിന് 3800രൂപ മാത്രമാണ് നല്‍കാന്‍ കഴിയുന്നത്. തുക പരിമിതമായതിനാല്‍ 6200രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് നല്‍കുന്നത്. വീടുകളില്‍ താമസം ഉറപ്പിക്കുന്നതിനായി അത്യാവശ്യ വസ്തുക്കളുടെ കിറ്റും സൗജന്യമായി നല്‍കിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നിടത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനവും സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. അത് തടയുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെ സജീവമായ ഇടപെടലും നടത്തിക്കൊണ്ടിരിക്കുന്നു. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അത് തിരിച്ചുനല്‍കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുകയാണ്. നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചുനല്‍കാന്‍ ഐടി സംവിധാനത്തിന്റെ സഹായത്തോടെയുള്ള നടപടികളും ശരിയായ ദിശയിലാണ്. പ്രളയദുരിതത്തില്‍ തകര്‍ന്നുപോയ ജനജീവിതത്തെ തിരികെ കൊണ്ടുവരാനുള്ള ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. വീട് തകര്‍പ്പോള്‍ തങ്ങളുടെ ജീവനോപാധിയായ കന്നുകാലികളോടൊപ്പമാണ് ചിലര്‍ ക്യാമ്ബുകളില്‍ എത്തിയത്. കാലിത്തീറ്റ നല്‍കി അവയെ സംരക്ഷിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ ഇത് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. അങ്ങനെ ഒരു വലിയ വിഭാഗം ജനതയെ ജീവിതത്തിന്റെ വഴിത്താരകളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പാതയിലൂടെ നാം മുന്നേറുകയാണ്.

പുനര്‍നിര്‍മ്മാണം

ദുരന്തത്തെ മറികടക്കാനുള്ള പ്രവര്‍ത്തനത്തിലെ സുപ്രധാനമായ ഘട്ടമാണ് പുനര്‍നിര്‍മ്മാണത്തിന്റേത്. ക്രിയാത്മകമായ ചര്‍ച്ചയുടെയും ശരിയായ പഠനത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട ഒന്നാണ് ഇത്. അത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ഈ സഭയിലുണ്ടാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. നാല് ഘടകങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഒന്നാമതായി ആവശ്യമായ സമ്ബത്ത് കണ്ടെത്തുക എന്നതാണ്. ഏത് തരത്തിലുള്ള പുനര്‍നിര്‍മ്മാണമാണ് നടത്തേണ്ടത് എന്നത് രണ്ടാമതായി വരുന്നു. പുനര്‍നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഒപ്പം ജീവിനോപാധികള്‍ ഉറപ്പുവരുത്തിക്കൊണ്ടേ ജനജീവിതത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനാവൂ. അത്തരം പ്രവര്‍ത്തനങ്ങളിലും ഊന്നുക എന്നതും പ്രധാനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ നിലയില്‍ സംഘടിപ്പിക്കാനാവും എന്ന കാര്യവും പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

സാമ്ബത്തികം

പുനര്‍നിര്‍മ്മാണത്തിന് എറ്റവും അനിവാര്യമായത് അതിനുള്ള പണം കണ്ടെത്തുക എന്നതാണ്. ഇതിന് എറ്റവും കരുത്ത് പകരുന്ന ഘടകമായിട്ടുള്ളത് ഒരോ കേരളീയനും നാടിനെ സംരക്ഷിക്കുന്നതിന് ഇറങ്ങേണ്ടതുണ്ട് എന്ന പൊതുബോധം ഉയര്‍ന്നുവന്നിട്ടുണ്ട് എന്നതാണ്. ഈ ജനപിന്തുണയാണ് പ്രതിസന്ധിയെ അതിജീവിക്കാമെന്ന ആത്മവിശ്വാസം സര്‍ക്കാരിന് പ്രദാനം ചെയ്യുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവരും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കഴിയുന്നവരും ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍ നമ്മെ സഹായിക്കാന്‍ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ഓണാഘോഷവും വിവാഹവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ മാറ്റിവച്ച് അതിന്റെ തുക പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നല്‍കിയവര്‍ നിരവധിയാണ്. ചെറിയ കുട്ടികളുടെ സമ്ബാദ്യ കുടുക്കയിലെ പണം മുതല്‍ മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ തുക വരെ നല്‍കിയവരുണ്ട്. സ്വന്തമായുള്ള വസ്തു സര്‍ക്കാരിന്റെ പേരില്‍ കൈമാറിയും സഹായങ്ങള്‍ നല്‍കിയവരുണ്ട്. ഇത്തരത്തില്‍ മാതൃകാപരമായി സംഭാവന നല്‍കിയ നിരവധിപേരുണ്ട്. എല്ലാം ഇവിടെ വിസ്തരിക്കുന്നില്ല. പതിവ് രീതികളെ മറികടന്നുകൊണ്ട് ഇത് സംഭവിക്കുന്നുവെന്നത് നമുക്കെല്ലാം ഏറെ ആത്മവിശ്വാസം പകരുന്നതാണ്.

ഒരു മാസത്തെ വേതനം പുനര്‍നിര്‍മ്മാണത്തിനായി ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചപ്പോള്‍ വലിയ തോതിലുള്ള പിന്തുണയാണ് ഉണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ അനുകൂലമായി തന്നെയാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത് എന്നതും ആത്മവിശ്വാസം പകരുന്ന സുപ്രധാന ഘടകമാണ്. മിക്ക സര്‍വ്വീസ് സംഘടനകളും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു എന്നതും സംസ്ഥാനത്തുയര്‍ന്നുവന്നിരിക്കുന്ന ഗുണപരമായ അന്തരീക്ഷത്തിന്റെ സാക്ഷ്യപത്രമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 29.08.2018 വരെ 730 കോടി രൂപയാണ് ലഭിച്ചത്. ചെക്കായും സ്ഥലങ്ങളായും ആഭരണങ്ങളായും മറ്റു വാഗ്ദാനമായും ലഭിച്ചത് ഇതിന് പുറമെ വരും.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അടിയന്തര ആശ്വാസം സംസ്ഥാനത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. 600കോടി രൂപയാണ് ഇത്തരത്തില്‍ ലഭിച്ചിട്ടുള്ളത്. കേന്ദ്ര സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം കെടുതിയുടെ വ്യാപ്തികൂടി കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ തുക ലഭിക്കുന്ന സാഹചര്യമുണ്ടാകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഹായവാഗ്ദാനങ്ങള്‍ പ്രവഹിക്കുന്നുണ്ട്. അവ നിയമപരമായ രീതികളിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങുകയാണ്. ലോകത്തിന്റെ എല്ലാ മേഖലയില്‍ നിന്നും നീണ്ടുവരുന്ന സഹായഹസ്തങ്ങള്‍ സംസ്ഥാനത്തിന് ആത്മവിശ്വാസം പകരുന്നതാണ്.

സഹായിക്കുന്നതിനായി ലോകത്തെമ്ബാടുമുള്ള വിവിധ ഏജന്‍സികളും രംഗത്തുവരുന്നുണ്ട്. 29ന് ലോകബാങ്കിന്റെ സംഘം കേരളത്തില്‍ വന്നിരുന്നു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ച നടത്തിക്കഴിഞ്ഞു. നമ്മുടെ സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസൃതമായ സഹായങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സ്വീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പ്രവാസികളെ നമ്മുടെ വികസന പ്രവര്‍ത്തനങ്ങളുമായി കണ്ണിചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ളതാണ്. ലോകകേരള സഭ. ഈ സഭയുടെ ശേഷിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ സഹായം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പുനര്‍നിര്‍മ്മാണം ഏത് തരത്തില്‍

പുനര്‍നിര്‍മ്മാണം ഏത് വിധത്തിലായിരിക്കണം എന്നത് ഗൗരവകരമായ ഒരു വിഷയമാണ്. ഈ പ്രളയ ദുരന്തം പാരിസ്ഥിതികമായ ചില കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുവന്നിട്ടുണ്ട്. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എളുപ്പം ബാധിക്കാവുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണമോ എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇന്നത്തെ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത നമുക്കെല്ലാവര്‍ക്കും കൂടി ഉണ്ടാക്കാനാവണം. പരിസ്ഥിതി കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ ആരായേണ്ടതുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെ കണ്ടെത്തല്‍

റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ളവ വലിയ തോതില്‍ തകര്‍ന്നുപോയിട്ടുണ്ട്. ഉള്‍നാടുകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഏറെ പരിതാപകരമാണ്. അവ പുന:സ്ഥാപിക്കുന്നതിലൂടെ മാത്രമേ ജനജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാവൂ. ഇതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുക എന്നുള്ളത് നാം മറികടക്കേണ്ട അതീവ ഗൗരവമായ മറ്റൊരു പ്രശ്‌നമാണ്. ഇത് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് മാത്രമേ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണതയിലെത്തിക്കാനാവൂ.

ജീവനോപാധികള്‍ ഉറപ്പുവരുത്തല്‍

ജനജീവിതം മുന്നോട്ടുപോകണമെങ്കില്‍ ജീവനോപാധികള്‍ ഉറപ്പുവരുത്താനാവണം. നിലവില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ഇക്കാര്യത്തില്‍ വലിയ തകര്‍ച്ചയാണ് സംഭവിച്ചിട്ടുള്ളത്. കാര്‍ഷികമേഖല തകര്‍ന്നിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങള്‍ നാശോന്മുഖമായി. ചെറുകിട വ്യവസായങ്ങളുടെ നിലയും വ്യത്യസ്തമല്ല,വളര്‍ത്തുമൃഗങ്ങള്‍ ചത്തുപോയതും പലരുടെയും ജീവിതത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജനങ്ങള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെ പരിഹരിച്ചാല്‍ മാത്രമേ അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാവൂ. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുനര്‍നിര്‍മ്മാണത്തിലെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നായാണ് സര്‍ക്കാര്‍ കാണുന്നത്. കൊച്ചി വിമാനത്താവളം അടക്കം ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നിട്ടുണ്ട്. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള അന്താരാഷ്ട്ര വിമാനത്താവളം പോലും രണ്ടാഴ്ചയോളം കഴിഞ്ഞേ പ്രവര്‍ത്തനക്ഷമമായുള്ളൂ എന്നത് പരിഗണിച്ചാല്‍ പ്രളയബാധിതമായ ചെറിയ സ്ഥാപനങ്ങള്‍ സാധാരണ ഗതിയിലെത്താന്‍ എത്രത്തോളം സമയമെടുക്കുമെന്ന് ആലോചിക്കാവുതേയുള്ളൂ. ഈ പ്രളയഘട്ടത്തില്‍ സംഭവിച്ചത് ചെറുകിട കച്ചവടക്കാരും വ്യവസായ സ്ഥാപനങ്ങളുമടങ്ങുന്ന ഒരു വലിയ സമ്ബദ് വ്യവസ്ഥ നിശ്ചലാവസ്ഥയിലായി എന്നതാണ്. ഇത് പൂര്‍വ്വ സ്ഥിതിതിയിലെത്തിക്കാന്‍ ബാങ്കുകളുടെ വായ്പാ പുനക്രമീകരണം കൊണ്ടുമാത്രം സാധ്യമാവില്ല. മാത്രമല്ല,ഇവ പൂര്‍വ്വ സ്ഥിതിയിലെത്താന്‍ നിലവിലെ ദുരന്തനിവാരണ ചട്ടക്കൂടില്‍ നിന്നുള്ള ഇടപെടലുകള്‍ കൊണ്ട് സാധ്യമാവുകയുമില്ല. പാലിലും പച്ചക്കറിയിലും ഏകദേശം സ്വയംപര്യാപ്തതയിലേക്ക് അടുത്തുനില്‍ക്കുമ്‌ബോഴാണ് കാലവര്‍ഷക്കെടുതിയില്‍ നാം അകപ്പെട്ടത്. ഇത് അസംഖ്യം കുടുംബങ്ങളുടെ ജീവനോപാധിയാണ് തകര്‍ന്നിരിക്കുന്നത്. ഇവ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്ന കാര്യവും വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ലോകം നമുക്കൊപ്പം നില്‍ക്കുന്നു

ഓഖി ദുരന്തത്തെയും നിപ്പയെയും അതിജീവിച്ച നമുക്ക് ഈ വലിയ ദുരന്തത്തെയും മറികടക്കുന്നതിനുള്ള കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നമ്മള്‍ യോജിച്ചുനിന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കാന്‍ കഴിയും. ദുരന്തങ്ങളില്‍ തകര്‍ന്നവരല്ല, അതിനെ അതിജീവിച്ച് കുതിക്കുന്നവരാവണം നാം. ചരിത്രത്തില്‍ അതി ജീവനത്തിന്റെ പുതിയ അധ്യായം രചിച്ചവരാണ് കേരളീയരെന്ന അഭിമാനബോധത്തോടെ തലയുയര്‍ത്തിനില്‍ക്കാന്‍ നമുക്ക് കഴിയണം. അതിനായി നമ്മെ സ്‌നേഹിക്കുന്നവരോടൊപ്പം കൈകോര്‍ത്ത് പിടിച്ചുകൊണ്ട് മുന്നോട്ടുപോകാനാവണം. അതിനുള്ള അടിസ്ഥാനം നമ്മുടെ ഐക്യവും യോജിപ്പുമാണ്. അതാണ് അതിജീവനത്തിന്റെ അടിസ്ഥാനപാഠമെന്നതാണ് സര്‍ക്കാര്‍ നിലപാട്. നമ്മുടെ യോജിപ്പിന്റെയും ത്യാഗത്തിന്റെയും സാഹോദര്യ സ്‌നേഹത്തിന്റെയും രീതികളാണ് ലോകജനതയെ മുഴുവന്‍ ആകര്‍ഷിച്ചിട്ടുള്ളത്. ഐക്യത്തോടെ നിന്ന് അതിജീവിക്കുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. പ്രളയത്തിന്റെ ദുരിതത്തില്‍ മുങ്ങിക്കിടക്കുന്ന കേരളത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനുള്ള പ്രയത്‌നങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായി നമുക്ക് നില്‍ക്കാനായിട്ടുണ്ട്. അവ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനായാല്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ ലോകത്തിന് സമ്മാനിക്കാന്‍ നമുക്ക് കഴിയും അതിനുള്ള സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.