കോഴിക്കോട് ജെഡിടിയില്‍ വിദ്യാര്‍ത്ഥികളെ ഉജ്ജ്വലമായി വരവേറ്റ് രണ്ടാംപ്രവേശനോത്സവം

കോഴിക്കോട് ജെഡിടിയില്‍ വിദ്യാര്‍ത്ഥികളെ ഉജ്ജ്വലമായി വരവേറ്റ് രണ്ടാംപ്രവേശനോത്സവം

August 30, 2018 0 By Editor

കോഴിക്കോട്: അവധി കഴിഞ്ഞെത്തിയ സഹപാഠികള്‍ക്കൊപ്പം രണ്ടാം പ്രവേശനോത്സവം ആഘോഷിച്ച്, ഓണസദ്യയുണ്ട് വിദ്യാര്‍ഥികള്‍. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ഹൈസ്‌കൂളിലാണ് കൂട്ടികള്‍ക്ക് സന്തോഷം പകര്‍ന്ന് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

2000 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. ഇവരില്‍ 40 ശതമാനം വിദ്യാര്‍ഥികളും ദുരിതബാധിതരാണ്. രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായിരുന്ന ചെറുവറ്റ, മൂഴിക്കല്‍ പ്രദേശത്തുനിന്ന് അനേകം വിദ്യാര്‍ഥികളും അധ്യാപകരുമുണ്ട്. പ്രദേശത്ത് ആദ്യത്തെ വെള്ളപ്പൊക്കത്തില്‍ വീടു തകര്‍ന്ന പലരും വാടകവീടുകളിലേക്ക് മാറിയിരുന്നു. എന്നാല്‍ രണ്ടാമത്തെ വെള്ളപ്പൊക്കത്തില്‍ വാടക വീടുകളും വെള്ളത്തിലായി.

യൂണിഫോമും പുസ്തകങ്ങളും വെള്ളത്തിലായി. പൂര്‍ണമായും വീടു നഷ്ടപ്പെട്ടവരുണ്ട്. ദുരിതകാലം കടന്നുവരുന്ന വിദ്യാര്‍ഥികള്‍ ഏറെ ആശങ്കയിലാണെന്ന് തിരിച്ചറിഞ്ഞാണ് അധ്യാപകരും രക്ഷിതാക്കളും പരിപാടികള്‍ സംഘടിപ്പിച്ചത്.

മാനസികമായി തകര്‍ന്ന വിദ്യാര്‍ഥികളെ സ്‌കൂളില്‍ കാത്തിരുന്നത് സന്തോഷം നിറഞ്ഞ ഉത്സവാന്തരീക്ഷമായിരുന്നു. രാവിലെ ബലൂണുകളും പ്ലക്കാര്‍ഡുകളുമായാണ് ഓരോരുത്തരെയും സ്വീകരിച്ചത്. മിഠായിയും ലഡുവും നല്‍കി. ദുരിതബാധിതരായ വിദ്യാര്‍ഥികള്‍ക്ക് ഓണവും രണ്ടു പെരുന്നാളുകളും ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ദുരിതാശ്വാസ ക്യാംപുകളില്‍ താമസിച്ച വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ ഓണസദ്യ നല്‍കി.

സഹപാഠികളും അധ്യാപകരും സ്‌നേഹത്തോടെ ഊണു വിളമ്പി. ഇന്ന് പെരുന്നാള്‍ ആഘോഷത്തിനു സമാനമായി ബിരിയാണിയും ചിക്കനുമൊക്കെ നല്‍കുമെന്നും അധ്യാപകര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും പായസവും മധുരപലഹാരങ്ങളും നല്‍കുകയും ചെയ്തു.

പ്രളയത്തില്‍ മാനസികമായി വിഷമം നേരിടുന്ന രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ്ങ് നല്‍കാനുള്ള ഒരുക്കുങ്ങള്‍ നടത്തിയതായി പ്രധാനാധ്യാപകന്‍ ഇ. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെയും പുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെയും കണക്കെടുത്തു. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനുള്ള ഒരുക്കങ്ങളായതായി അധ്യാപകരായ സി. അദീബ്, സാജിദ് ചോല, കെ. സുബൈര്‍ തുടങ്ങിയവര്‍ പറഞ്ഞു. ഇതിനായി അധ്യാപകരുടെ വിഹിതവും പിടിഎയുടെ വിഹിതവും ശേഖരിക്കും.