സെപ്തംബര്‍ ഒന്ന് മുതല്‍ ബാങ്കുകള്‍ തുറക്കില്ല: ജനങ്ങളുടെ ആശങ്കള്‍ക്ക് മറുപടിയായി ബാങ്ക് ഉദ്ദ്യോഗസ്ഥര്‍

സെപ്തംബര്‍ ഒന്ന് മുതല്‍ ബാങ്കുകള്‍ തുറക്കില്ല: ജനങ്ങളുടെ ആശങ്കള്‍ക്ക് മറുപടിയായി ബാങ്ക് ഉദ്ദ്യോഗസ്ഥര്‍

August 30, 2018 0 By Editor

ഡല്‍ഹി: സെപ്തംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതുകൊണ്ട് ബാങ്കിങ് ഇടപാടുകള്‍ എല്ലാം അതിന് മുമ്ബ് തന്നെ തീര്‍ത്ത് വയ്ക്കണം എന്ന് ഉപദേശിക്കുന്നവരും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

സെപ്തംബര്‍ 1 ശനിയാഴ്ച ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയാണ് എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 2, ഞായറാഴ്ചയും. സെപ്തംബര്‍ 3 ന് ജന്മാഷ്ടമി അവധിയും. അതിന് ശേഷം സെപ്തംബര്‍ 4,5 തീയ്യതികളില്‍ ബാങ്ക് ജീവനക്കാരുടെ സമരവും വരുന്നു എന്നാണ് പ്രചാരണം.

എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ബാങ്ക് അവധിയില്ല. ഞായറാഴ്ച സ്വാഭാവികമായും അവധിയാണ്. കലണ്ടര്‍ പ്രകാരം സെപ്തംബര്‍ 2, ഞായറാഴ്ചയാണ് ജന്മാഷ്ടമി വരുന്നത്. അതുകൊണ്ട് തന്നെ അത് ബാങ്ക് പ്രവര്‍ത്തനത്തെ ബാധിക്കില്ല. സെപ്തംബര്‍ 3 ന് പഞ്ചാബില്‍ മാത്രമായിരിക്കും ബാങ്കുകള്‍ക്ക് അവധി എന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 4, 5 തിയ്യതികളില്‍ സമരം ആണെന്നാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അത് സാധാരണ ബാങ്ക് ഇടപാടുകളേയോ പ്രവര്‍ത്തനങ്ങളേയോ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡ് ഫോറം ഓഫ് റിസെര്‍വ്വ് ബാങ്ക് ഓഫീസേഴ്‌സ് ആന്റ് എംപ്ലോയീസ് ആണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ദിവസം ജീവനക്കാര്‍ മുഴുവനും കാഷ്വല്‍ ലീവ് എടുത്ത് പ്രതിഷേധിക്കും എന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്.