ഐ.ആര്‍.സി.ടി.സി അഴിമതി കേസ്: ലാലു പ്രസാദ് യാദവിന്റെ ഭാര്യയ്ക്കും മകനും ജാമ്യം

August 31, 2018 0 By Editor

ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി അഴിമതി കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ജാമ്യം ലഭിച്ചു. ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് റാഞ്ചിയിലും പുരിയിലുമുള്ള ഐ.ആര്‍.സി.ടി.സി.യുടെ രണ്ടുഹോട്ടലുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാണ് കേസ്.

ലാലു പ്രസാദിനും കുടുംബത്തിനുമൊപ്പം പാര്‍ട്ടിയിലെ മറ്റൊരു നേതാവായ പി സി ഗുപ്ത, ഭാര്യ സരള ഗുപ്ത, എന്നിവരും ഈ കേസില്‍ പ്രതികളാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ . ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഈ സ്ഥാപനത്തിന്റെ രണ്ടു ഹോട്ടലുകളുടെ അറ്റകുറ്റപ്പണി വിനയ് കൊച്ചാര്‍, വിജയ് കൊച്ചാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സുജാതാ ഹോട്ടലിനു കൈമാറിയിരുന്നു. ഇതിനു പ്രതിഫലമായി ബിനാമി സ്ഥാപനമായ ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി മുഖേന പട്‌നയില്‍ കണ്ണായസ്ഥലത്ത് ലാലുവിനും കുടുംബത്തിനും മൂന്നേക്കര്‍ഭൂമി നല്‍കിയെന്നാണ് കേസ്.

സുജാത ഹോട്ടലിന് ടെന്‍ഡര്‍ നല്‍കിയതിനുശേഷം ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനിയുടെ ഉടമസ്ഥാവകാശം അന്നത്തെ ഉടമ സരള ഗുപ്തയില്‍നിന്ന് റാബ്‌റി ദേവിയുടെയും മകന്‍ തേജസ്വി യാദവിന്റെയും പേരിലേക്കുമാറ്റി. 20102014 കാലയളവിലായിരുന്നു ഇത്. ഈ സമയം ലാലുപ്രസാദ് റെയില്‍വേ മന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തു.

കാലിത്തീറ്റ കുംഭക്കോണ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലാലു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തേജസ്വിയാണ് ലാലു ജയിലില്‍ പോയതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിക്കുന്നത്. കേസില്‍ തേജസ്വിക്ക് ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ അത് പ്രതികൂലമായി ബാധിക്കുമായിരുന്നു.

കഴിഞ്ഞ ദിവസമാണ് പരോള്‍ നീട്ടി നല്‍കാത്തതിനെ തുടര്‍ന്ന് ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ സി ബി ഐ കോടതിയില്‍ കീഴടങ്ങിയത്. ചികില്‍സയ്ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്നായിരുന്നു ലാലുപ്രസാദിന്റെ ആവശ്യം.