ദുരിതാശ്വാസ ക്യാംപിലും പീഡനശ്രമം: 20 കാരനായ വളണ്ടിയര്‍ അറസ്റ്റില്‍

September 1, 2018 Off By Editor

ആലുവ: ദുരിതാശ്വാസ ക്യാംപില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളണ്ടിയര്‍ അറസ്റ്റിലായി. ആലുവ മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാംപില്‍ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് ബാഡൂര്‍ അംഗടിമുഗറിലെ അഹമ്മദ് മുന്‍സിര്‍ (20) ആണ് അറസ്റ്റിലായത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാംപില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വന്ന പെണ്‍കുട്ടിയാണ് പീഡന ശ്രമത്തിനിരയായത്. ആലുവ പറവൂര്‍ കവലയിലെ ബേക്കറിയില്‍ ജീവനക്കാരനായ മുന്‍സിര്‍ ക്യാംപില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു. കുട്ടിയുമായി പരിചയം നടിച്ച് അടുത്ത് കൂടിയ മുന്‍സിര്‍ ക്യാംപ് അവസാനിച്ച ദിവസം ആളൊഴിഞ്ഞ ഭാഗത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആലുവ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതി നാട്ടിലേക്ക് കടന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതി തിരികെ ബേക്കറിയില്‍ ജോലിക്കെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പറവൂര്‍ കവലയില്‍ തന്നെ ബേക്കറി ഉടമ ജീവനക്കാര്‍ക്കായി വാടകക്കെടുത്തിട്ടുള്ള കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്.

ആലുവ സിഐ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐമാരായ എം എസ് ഫൈസല്‍, സെബാസ്റ്റ്യന്‍, അബ്ദുല്‍ അസീസ്, വനിതാ സിപിഒ ഷൈജാ ജോര്‍ജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നത്.