ജലന്തര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവ്; അറസ്റ്റിനൊരുങ്ങി അന്വേഷണ സംഘം

ജലന്തര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവ്; അറസ്റ്റിനൊരുങ്ങി അന്വേഷണ സംഘം

September 2, 2018 0 By Editor

കോട്ടയം: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഐ.ജിയോട് തേടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബിഷപ്പ് നല്‍കിയ മൊഴി കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. . കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട ദിവസം കുറുവിലങ്ങാട്ടെ മഠത്തില്‍ പോയിട്ടില്ലെന്ന ബിഷപ്പിന്റെ മൊഴി കളവാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. നേരത്തെ ജലന്ധറിലെത്തി ബിഷപ്പിനെ പൊലീസ് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്വേഷണം ഇനി മുന്നോട്ട് പോകണമെങ്കില്‍ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ മഠത്തില്‍വച്ച് 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ ആരോപണം. ബിഷപ്പ് മഠത്തില്‍ തങ്ങിയതിന് സന്ദര്‍ശക രജിസ്റ്ററും തെളിവാണ്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയും ബിഷപ്പിനെതിരാണ്. ഇതൊക്കെ കണക്കിലെടുത്താണ് അറസ്റ്റിന് അന്വേഷണ സംഘം ഒരുങ്ങുന്നത്.

ഫ്രാങ്കോ മുളയ്ക്കല്‍ 2014 മേയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മിഷണറീസ് ഒഫ് ജീസസ് മഠത്തിലെ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് മദര്‍ സുപ്പീരിയറായിരുന്ന കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ പീഡനത്തിനും മാനഭംഗത്തിനും ഇരയാക്കിയതെന്നാണ് പരാതി. ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിപ്പോള്‍ ളോഹ ഇസ്തിരിയിട്ട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും തിരികെ വന്നപ്പോള്‍ പീഡിപ്പിച്ചെന്നും പിന്നീട് 13 തവണ ഇവിടെവച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയതായുമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നല്‍കിയ പരാതിയിലുള്ളത്. ഇക്കാര്യങ്ങള്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിലും കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു.