പി വി അന്‍വറിന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ: പഞ്ചായത്ത് രേഖകള്‍ പുറത്ത്

പി വി അന്‍വറിന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ: പഞ്ചായത്ത് രേഖകള്‍ പുറത്ത്

September 2, 2018 0 By Editor

കോഴിക്കോട്: പിവി അന്‍വറിന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതും അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്. എംഎല്‍എയുടെ ഉടമസ്ഥതയില്‍ കൂടരഞ്ഞി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പിവിആര്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. പിവിആര്‍ നാച്ചുറോ ടൂറിസം വില്ലേജിന് കീഴിലാണ് അനധികൃത റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഈ റിസോര്‍ട്ടിന് അനുമതിയില്ലെന്ന് പഞ്ചായത്ത് രേഖകള്‍ വ്യക്തമാക്കുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. റിസോര്‍ട്ടിന്റെ പരസ്യവും വെബ്‌സൈറ്റിലുണ്ട്. ഇവിടെ 12 വില്ലകള്‍ ഉണ്ട്. റിസോര്‍ട്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം ചെയ്ത് ഈ വില്ലകള്‍ വില്‍പ്പന നടത്തിയതായും ആരോപണമുയരുന്നുണ്ട്.

കക്കാടംപൊയിലില്‍ സ്ഥിതി ചെയ്യുന്ന അന്‍വറിന്റെ തന്നെ വാട്ടര്‍ തീം പാര്‍ക്കില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരെയാണ് ഈ റിസോര്‍ട്ട്. രണ്ടും അതീവ പരിസ്ഥിതി ലോലപ്രദേശത്താണ്. ഏഴ് ഏക്കറിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നേരത്തെ അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഈ വാട്ടര്‍ തീം പാര്‍ക്കിന് ചുറ്റും എട്ടോളം ഉരുള്‍പൊട്ടലുമുണ്ടായിരുന്നു.