വളര്‍ത്തുമൃഗങ്ങള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ നമ്പര്‍

September 3, 2018 0 By Editor

തിരുവനന്തപുരം: പശുക്കളടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ആധാര്‍ മാതൃകയില്‍ 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയും ഇ-ഓഫിസ് സാധ്യതകളില്‍ മൃഗസംരക്ഷണവകുപ്പിന്റെ നിര്‍ണായക ചുവടുവെപ്പ്. ക്ഷീരകര്‍ഷരുടെ സ്ഥിതിവിവരം ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ ജിയോമാപ്പിങ് നടത്തി ശേഖരിക്കുകയും ചെയ്യും.

ക്ഷീരകര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പശുക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള 12 അംഗ ഡിജിറ്റല്‍ െഎ.ഡി നമ്പര്‍ നല്‍കുന്നത്. മൃഗങ്ങള്‍ക്ക് മാത്രമല്ല, ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയും ഏകീകൃത സ്വഭാവത്തിലാണ് ഡിജിറ്റല്‍ ഡാറ്റ ബാങ്ക് തയാറാക്കിയിരിക്കുന്നത്. ഇതുമൂലം പശു ജനിച്ച തീയതി, വാക്‌സിനേഷന്‍ വിവരങ്ങള്‍, ചികിത്സാ വിവരങ്ങള്‍, രോഗങ്ങള്‍, പാലുല്‍പാദനം, വാങ്ങിയ ക്ഷീരകര്‍ഷകര്‍, തുടങ്ങി സകലകാര്യങ്ങളും െഎ.ഡി നമ്പര്‍ നല്‍കിയാല്‍ ഓണ്‍െലെനായി ലഭിക്കും.

സംസ്ഥാന സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് സംരംഭമായ ഗോസമൃദ്ധിയുടെ വിവരങ്ങളും ശേഖരിച്ചിട്ടുള്ളതിനാല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച മുന്നറിയിപ്പുകളും കര്‍ഷകന് ലഭിക്കും. പകര്‍ച്ചവ്യാധികള്‍ റിേപ്പാര്‍ട്ട് ചെയ്യുന്ന ഘട്ടങ്ങളില്‍ രോഗം കൂടുതല്‍ പടരാതിരിക്കുന്നതിനുവേണ്ട പ്രതിരോധ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിന് ജിയോ മാപ്പിങ് സഹായമാകും. കുത്തിവെപ്പുകള്‍ ആപ്പില്‍ രേഖപ്പെടുത്തുന്നതിനാല്‍ ഒാേരാ മേഖലയിലെയും വാക്‌സിനേഷന്‍ നിലയും ഓണ്‍ലൈനായി അറിയാം. അനിമല്‍ സോണുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടലുകള്‍ക്കും ഭാവിയില്‍ ഇത് പ്രയോജനപ്പെടും.

മൃഗസംരക്ഷണ ഡയറക്ടറേറ്റ്, ജില്ല ഓഫിസുകള്‍, താലൂക്കുകളിലെ ഓഫിസുകള്‍, പഞ്ചായത്തുകളിലെ വെറ്റിനറി കേന്ദ്രങ്ങള്‍ അടക്കം സംസ്ഥാനത്തെ 2000 ത്തോളം ഓഫിസുകളില്‍ പൂര്‍ണമായും ഡിജിറ്റല്‍ ശൃംഖലയില്‍ സജ്ജമാക്കിയാണ് ഇ-ഓഫിസ് രംഗത്ത് മൃഗസംരക്ഷണവകുപ്പിന്റെ ചുവടുറപ്പിക്കല്‍ ആധിപത്യമുറപ്പിക്കുന്നത്.