കുപ്പിവെളളത്തിന് വില കുറയ്ക്കാനുളള തീരുമാനത്തില്‍ മെല്ലെപോക്ക് നയം

September 3, 2018 0 By Editor

തിരുവനന്തപുരം: കുപ്പിവെള്ളത്തിനു വില കുറയ്ക്കാനുള്ള തീരുമാനമെടുത്തു നാലുമാസമാകാറായിട്ടും നടപ്പായില്ല. കുപ്പിവെള്ളം ലീറ്ററിന് 13 രൂപയാക്കാന്‍ മേയ് 10ന് ആണ് ധാരണയിലെത്തിയത്. ഒരു ലീറ്റര്‍ വെള്ളം 12 രൂപയ്ക്കു നല്‍കാമെന്ന് ഒരുവിഭാഗം കമ്പനികള്‍ പ്രഖ്യാപിച്ചതാണു ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. തുടര്‍ന്നു മന്ത്രി പി.തിലോത്തമന്‍ നടത്തിയ ചര്‍ച്ചയില്‍ ലീറ്ററിന് 14 രൂപ നിശ്ചയിക്കണമെന്ന് ഏതാനും കമ്പനികള്‍ വാദിച്ചു. ഒടുവില്‍ 13 രൂപ തീരുമാനമായി.

കമ്പനികള്‍ വില കൂട്ടിയാല്‍ നടപടിയെടുക്കണമെങ്കില്‍ ഈ തീരുമാനം അവശ്യസാധന നിയമത്തിന്റെ പരിധിയില്‍ പെടുത്തണം. എന്നാല്‍ ചില വന്‍കിട കമ്പനികള്‍ കേസിനൊരുങ്ങിയ സാഹചര്യത്തില്‍ നിയമപ്രശ്‌നം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചെങ്കിലും തീരുമാനമായിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടായ ഭൂരിഭാഗം പ്രദേശങ്ങളിലും ശുദ്ധജലവിതരണം പൂര്‍വസ്ഥിതിയിലായിട്ടില്ല. കിണറുകളും മലിനമായി. ഈ മേഖലകളില്‍ കുപ്പിവെള്ളമാണ് ആശ്രയം.