പ്രശസ്ത മോഡല്‍ താരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത മോഡല്‍ താരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

September 3, 2018 0 By Editor

ലാഹോര്‍: പ്രശസ്ത മോഡലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 26കാരിയായ പാകിസ്ഥാന്‍ മോഡല്‍ അനും തനോലിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അനുമിന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് മോഡല്‍ താമസിച്ചിരുന്നത്. മാനസികസമ്മര്‍ദം കാരണം അനും ആത്മഹത്യ ചെയ്തതാണെന്നാണ് ഭര്‍ത്താവ് നവിദ് അഹ്മദ് പോലീസിനോട് പറഞ്ഞത്.

മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോകാനിരിക്കെയാണ് മോഡല്‍ ആത്മഹത്യ ചെയ്തതെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഡോക്ടറുടെ അടുത്തേക്ക് പോകാം എന്ന് താന്‍ പറഞ്ഞപ്പോള്‍ മുറിയില്‍ കയറി വാതില്‍ അടച്ച ശേഷം അനും തന്റെ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.

വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങി കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചുവെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇപ്പോള്‍ ഇതൊരു കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാനാകില്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കയാണെന്നും പോലീസ് പറഞ്ഞു. മോഡലിന്റെ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.