കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു; കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു; കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

September 4, 2018 0 By Editor

ന്യൂഡല്‍ഹി : കേരളത്തില്‍ ആഗസ്റ്റില്‍ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥവകുപ്പ് (ഐ.എം.ഡി) നല്‍കിയിരുന്നെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. മുന്നറിയിപ്പുകള്‍ പ്രാദേശിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് പതിവ്. കൂടാതെ, മൂന്ന് മണിക്കൂര്‍ സമയം വരെയുള്ള മുന്നറിയിപ്പുകളായ നൗകാസ്റ്റുകള്‍ എസ്.എം.എസ് മുഖേന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, സ്റ്റേറ്റ് എമര്‍ജന്‍സി. ഓപറേഷന് സെന്റര്‍, കലക്ടര്‍മാര്‍ മുതലായവരെ അറിയിച്ചിരുന്നു.

ഓരോ അഞ്ച് ദിവസത്തേക്കും തുടര്‍ന്നുള്ള അഞ്ച് ദിവസത്തേക്കുള്ള കനത്ത മഴ, കാറ്റ് എന്നിവയെക്കുറിച്ച് മുന്നറിയിപ്പും ചീഫ് സെക്രട്ടറി, അഡീ. ചീഫ് സെക്രട്ടറി, സംസ്ഥാന ദുരന്തനിവാരണഅതോറിറ്റി തുടങ്ങിയവര്‍ക്കും അയക്കാറുണ്ട്. ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില് രൂക്ഷമായ മണ്‍സൂണ്‍ സാഹചര്യവും കനത്ത മഴക്കുള്ള സാധ്യതയും ധരിപ്പിച്ചിരുന്നു. അഡീഷ്‌നല് ചീഫ് സെക്രട്ടറിയെ ഫോണിലൂടെയും അറിയിച്ചു.

ആഗസ്റ്റ് എട്ടിന് പത്രക്കുറിപ്പില് 15 വരെ സാധാരണയില്‍ നിന്ന് ഉപരിയായി മഴക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ടുകളും പുറപ്പെടുവിച്ചു. കൂടാതെ കനത്തമഴ, അതീവ കനത്തമഴ സാധ്യതകളും അറിയിച്ചു.

ഇടുക്കിയില് ആഗസ്റ്റ് 14 മുതല് പ്രാബല്യത്തില് വരത്തക്കവിധം 12 ന് റെഡ് അലര്‍്ട്ട് നല്‍കി. 14 ന് വീണ്ടും മിക്ക ജില്ലകള്‍ക്കും റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 15ന് അങ്ങയറ്റം കനത്ത മഴക്കുള്ള സാധ്യതയും എല്ലാ ജില്ലകള്‍ക്കും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറക്കിയിരുന്നതായും മന്ത്രാലയം അറിയിച്ചു.