കഷണ്ടി മാറാന്‍ രണ്ടു ലക്ഷം രൂപ ചിലവാക്കി പരസ്യത്തില്‍ കണ്ട ചികിത്സതേടി: മുടി കിളിര്‍ക്കാത്തതില്‍ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കഷണ്ടി മാറാന്‍ രണ്ടു ലക്ഷം രൂപ ചിലവാക്കി പരസ്യത്തില്‍ കണ്ട ചികിത്സതേടി: മുടി കിളിര്‍ക്കാത്തതില്‍ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

September 4, 2018 0 By Editor

ബെംഗളൂരു: പരസ്യത്തില്‍ വിശ്വസിച്ച് കഷണ്ടി മാറാന്‍ രണ്ട് വര്‍ഷത്തോളം ചികിത്സ നടത്തിയിട്ടും മുടി വളരാത്ത യുവാവിന് ചികിത്സാ ചെലവ് തിരികെ നല്‍കാന്‍ ഉപഫോക്തൃ ഫോറത്തിന്റെ ഉത്തരവ്. ബെംഗളൂരു ആര്‍.ടി. നഗര്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരന്റെ നാലു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചികിത്സാ ചെലവ് തിരികെ നല്‍കാന്‍ ഉത്തരവായത്.

രണ്ടുവര്‍ഷത്തിനിടെ ചികിത്സയ്ക്ക് ചെലവിട്ട രണ്ടുലക്ഷം രൂപയും കോടതിച്ചെലവിനത്തില്‍ 3000 രൂപയും സ്ഥാപനം പരാതിക്കാരന് നല്‍കണമെന്നാണ് വിധി. സദാശിവനഗറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കഷണ്ടി മാറ്റാമെന്ന് പരസ്യം നല്‍കി കബളിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. പരസ്യം കണ്ട് 2012ലാണ് യുവാവ് ഈ സ്ഥാപനത്തില്‍ ചികിത്സ തേടിയത്.

പരിശോധനയ്ക്കുശേഷം രണ്ടുവര്‍ഷത്തെ ചികിത്സകൊണ്ട് മുടി വളര്‍ന്നുതുടങ്ങുമെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. രണ്ടുവര്‍ഷത്തെ ചികിത്സയ്ക്ക് രണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇവ ഗഡുക്കളായി നല്‍കാമെന്ന് അറിയിച്ച് യുവാവ് ചികിത്സ തുടങ്ങുകയായിരുന്നു. എന്നാല്‍, രണ്ടുവര്‍ഷത്തിനുശേഷവും ഒരു മുടി പോലും വളര്‍ന്നില്ല. സ്ഥാപനനടത്തിപ്പുകാരോട് ചോദിച്ചപ്പോള്‍ ചിലര്‍ക്ക് കൂടുതല്‍സമയം കാത്തിരിക്കേണ്ടിവരുമെന്നായിരുന്നു മറുപടി.

പിന്നീട് ചികിത്സച്ചെലവ് യുവാവ് തിരികെ ചോദിച്ചു. എന്നാല്‍, ചികിത്സ തുടങ്ങുന്നതിനുമുമ്ബ് ഒപ്പുവെച്ച കരാറില്‍ പണം ഒരുകാരണവശാലും തിരികെ നല്‍കുന്നതല്ലെന്ന് വ്യവസ്ഥയുണ്ടെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതോടെയാണ് ഉപഭോക്തൃഫോറത്തില്‍ പരാതിപ്പെട്ടത്. നാലുവര്‍ഷത്തോളംനീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബെംഗളൂരു അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം യുവാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.