ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പീഡന ആരോപണവുമായി യുവതി

ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പീഡന ആരോപണവുമായി യുവതി

September 5, 2018 0 By Editor

തൃശൂര്‍: ഡി.വൈ.എഫ്.ഐ നേതാവ് എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വനിത നേതാവിന്റെ പരാതി. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലാത്ത സാഹചര്യത്തില്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കാട്ടൂര്‍ സ്വദേശിയായ വനിത നേതാവ് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെതിരെ പൊലീസ് കേസെടുത്തു.

മെഡിക്കല്‍ എന്‍ട്രന്‍സിന് കോച്ചിങിന് ചേരാന്‍ തിരുവനന്തപുരത്ത് പോവുകയിരുന്ന യുവതിയൊടൊപ്പം ജീവന്‍ലാല്‍ പോയിരുന്നു. ഇയാള്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് വിളിച്ച് കോച്ചിങ് സെന്ററില്‍ സീറ്റ് ശരിയാക്കുകയും ചെയ്തുവത്രേ. എന്നാല്‍ തിരിച്ചുമടങ്ങുന്നതിന്റെ ഭാഗമായി എം.എല്‍.എ ഹോസ്റ്റലില്‍ ബാഗ് എടുക്കാന്‍ ചെന്ന തന്നെ ലൈംഗിക ചുവയോടെ കയറി പിടിക്കുകയായിരുന്നെന്നാണ് പരാതി. പ്രതികരിച്ചപ്പോള്‍ കരഞ്ഞ് ക്ഷമാപണം നടത്തി. ജൂലൈ 11നായിരുന്നു സംഭവം.

വീട്ടിലെത്തി അമ്മയോട് ഇക്കാര്യം അറിയിച്ചു. പരാതി കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖല സെക്രട്ടറി വിളിച്ച് ബ്ലോക്ക് സെക്രട്ടറിയെയും ഏരിയ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി തീരുമാനമെടുക്കുമെന്നും പുറത്തറിയുന്നത് പാര്‍ട്ടിക്ക് ദോഷകരമാണെന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാതിരിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിയമപരമായി നീങ്ങുന്നതെന്ന് സി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ ഇയാള്‍ക്കെതിരെ നടപടിക്ക് ജില്ല കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്തു. അടുത്ത ദിവസം ചേരുന്ന ജില്ല കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്ന് നേതൃത്വം പറയുന്നു. ഇതിനിടെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ജീവന്‍ ലാലിനെതിരെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കേസെടുത്തത്. പരാതിയുയര്‍ന്നതോടെ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ല പ്രസിഡന്റ് എ. നാഗേഷ് ആവശ്യപ്പെട്ടു.