പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കും: മീശ നോവലിനെതിരെയുള്ള ഹര്‍ജി കോടതി തള്ളി

September 5, 2018 0 By Editor

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ നിരോധിക്കണമെന്നുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. എഴുത്തുകാരന്റെ സ്വാതന്ത്രത്തില്‍ കൈകടത്താനാകില്ലെന്ന് കോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സൃഷ്ടിയെയും മാനിക്കണമെന്നും കോടതി വ്യക്തമാക്കി. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.

വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് കോടതിയുടെ വിധി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ് ഹരീഷ് പറഞ്ഞു. ഭരണഘടനയിലും നിയമസംവിധാനത്തിലും വിശ്വാസമുണ്ടെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

രാധാകൃഷ്ണന്‍ വണെരിക്കലാണ് നോവല്‍ വിലക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് നേരേയും ആക്രമണത്തിന് ആഹ്വാനമുണ്ടായിരുന്നു.