കേസുകളെല്ലാം കോടതി തള്ളി: നിയമനം തിരികെ നല്‍കണമെന്ന് ടിപി സെന്‍കുമാര്‍

September 6, 2018 0 By Editor

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ കത്ത്. തനിക്കെതിരെ എടുത്ത എല്ലാ കേസുകളും കോടതി തള്ളിയെന്ന് കത്തില്‍ പറയുന്നു.

നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. അതിനു ശേഷം അദ്ദേഹം അവധിയില്‍ കഴിയുന്ന കാലഘട്ടത്തിലാണ് ജുഡീഷ്യല്‍ പദവിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് അംഗത്വത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതും അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതും. എന്നാല്‍, പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം സെന്‍കുമാറിന് ഇതിലേക്ക് നിയമനം നല്‍കിയില്ല. കേന്ദ്ര സര്‍ക്കരാണ് നിയമനം നല്‍കാതെ തടഞ്ഞുവച്ചത്.

മുന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി സോമസുന്ദരത്തെ സെന്‍കുമാറിനൊപ്പം തെരഞ്ഞെടുത്തിരുന്നു. സോമസുന്ദരത്തിന് നിയമനം ലഭിച്ചു. സെന്‍കുമാര്‍ നിരവധി കേസുകളില്‍ അന്വേഷണം നേരിടുകയാണെന്നും അതിനാല്‍ നിയമനം നല്‍കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ നിയമനം തടഞ്ഞുവച്ചത്. എന്നാല്‍ എല്ലാ കേസുകളും കോടതി എഴുതിത്തള്ളി. ഈ സാഹചര്യത്തില്‍ തനിക്ക് നിയമനം വേണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയത്. അതിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിയ്ക്കും അയച്ചു. രണ്ട് മാസം മുന്‍പാണിത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ല.